
കൊച്ചി : ഫ്ളാറ്റിൽ നിന്നു വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ ഫ്ളാറ്റുടമയായ ഹൈക്കോടതി അഭിഭാഷകൻ ഇംതിയാസ് അഹമ്മദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 17ന് പരിഗണിക്കാൻ മാറ്റി. ഡിസംബർ അഞ്ചിന് എറണാകുളം മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്നു വീണ തമിഴ്നാട് സേലം സ്വദേശിനി രാജകുമാരി കഴിഞ്ഞ ദിവസം മരിച്ചു. രാജകുമാരി മരിച്ചതോടെ ഒളിവിൽ പോയ ഇംതിയാസ് ഉടൻ തന്നെ മുൻകൂർ ജാമ്യം തേടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. രാജകുമാരിയുടെ മരണത്തിൽ തനിക്കു പങ്കില്ലെന്നും ഏതെങ്കിലും തരത്തിൽ ഇവരെ ഉപദ്രവിച്ചതായി പരാതി ഉണ്ടായിരുന്നില്ലെന്നും ഇംതിയാസിന്റെ ഹർജിയിൽ പറയുന്നു. അതേസമയം വീട്ടുവേലക്കാരി തന്റെ പക്കൽ നിന്ന് പണം കവർന്നതായി സംഭവത്തിന് രണ്ടു ദിവസത്തിനു ശേഷം ഇംതിയാസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യവും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, അടിമപ്പണി ചെയ്യിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇംതിയാസിനെതിരെ ചുമത്തിയിട്ടുണ്ട്. കുമാരി മരിച്ചതിനുശേഷമാണ് അടിമപ്പണി ചെയ്യിക്കൽ എന്ന ജാമ്യമില്ലാ കുറ്റം ഇംതിയാസിനെതിരെ ചുമത്തിയത്.