ആലുവ: എൽ.ഡി.എഫ് തരംഗത്തിനിടയിലും ആലുവ നഗരസഭ ഭരണം കോൺഗ്രസ് കേവല ഭൂരിപക്ഷത്തിന് നിലനിർത്തി. 26 അംഗ ഭരണ സമിതിയിൽ കോൺഗ്രസ് 14 സീറ്റ് നേടി. എൽ.ഡി.എഫ് ഏഴും എൻ.ഡി.എ നാലും സീറ്റ് നേടി. ഒരു സീറ്റ് ജനകീയ മുന്നണിക്കാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കോൺഗ്രസ് ഭരണം നിലനിർത്തുന്നത്. എന്നാൽ സിറ്റിം ചെയർപേഴ്സൺ ലിസി എബ്രഹാം, വൈസ് ചെയർപേഴ്സൺ സി. ഓമന എന്നിവർ തോറ്റത് കോൺഗ്രസിന് തിരിച്ചടിയായി. വൈസ് ചെയർപേഴ്സൺ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയും ചെയർമാൻ സ്ഥാനാർത്ഥി എം.എൻ.സത്യദേവൻ തോറ്റതും എൽ.ഡി.എഫിനും കനത്ത തിരിച്ചടിയായി. കഴിഞ്ഞ കൗൺസിലിൽ കോൺഗ്രസിന് ഉണ്ടായിരുന്ന 14 സീറ്റ് ഇക്കുറിയും ലഭിച്ചു. എന്നാൽ എൽ.ഡി.എഫിന്റേത് ഒമ്പത് സീറ്റിൽ നിന്നും ഏഴായി കുറഞ്ഞു. എൻ.ഡി.എ ഒന്നിൽ നിന്നും നാലിലേക്ക് കുതിച്ചുചാടി. കഴിഞ്ഞ കൗൺസിലിൽ കോൺഗ്രസ് പ്രതിനിധിയായിരുന്ന കെ.വി. സരള പാർട്ടി സസ്പെന്റ് ചെയ്തതിനെ തുടർന്ന് ഇക്കുറി ജനകീയ മുന്നണി ബാനറിൽ മത്സരിച്ചാണ് വിജയിയായത്.
എൻ.ഡി.എക്ക് നിലവിലുണ്ടായിരുന്ന 21 -ാം വാർഡ് നിലനിർത്തിയതിന് പുറമെ വൈസ് ചെയർപേഴ്സൺ പ്രതിനിധീകരിച്ച നാല്, കോൺഗ്രസ് റബൽ പ്രതിനിധീകരിച്ച 10, കോൺഗ്രസിന്റെ കൈവശമിരുന്ന 11 വാർഡുകൾ കൂടിയാണ് എൻ.ഡി.എ പിടിച്ചെടുത്തത്. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ ചില സീറ്റുകൾ പരസ്പരം തിരിച്ചുപിടിച്ചിട്ടുണ്ട്. നഗരസഭയിൽ ആകെ രേഖപ്പെടുത്തിയ 13,185 വോട്ടിൽ കോൺഗ്രസിന് 6091 വോട്ടും എൽ.ഡി.എഫിന് 4201 വോട്ടും ലഭിച്ചു. 16 സീറ്റിൽ മത്സരിച്ച എൻ.ഡി.എക്ക് 1682 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണയേക്കാൾ കോൺഗ്രസും എൻ.ഡി.എയും വോട്ട് നില ഉയർത്തിയപ്പോൾ എൽ.ഡി.എഫിന് 619 വോട്ടിന്റെ കുറവുണ്ടായി.
സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിക്കുന്ന ഏക നഗരസഭയാണിത്. ശതാബ്ദിയിലെത്തിയ നഗരസഭ കോൺഗ്രസിന്റെ കുത്തകയായിരുന്നു. രണ്ട് തവണയായി ആകെ 7.5 വർഷമാണ് സി.പി.എം നേതൃത്വത്തിൽ ഇടതുപക്ഷം നഗരസഭ ഭരിച്ചത്. 2005ൽ അഡ്വ. സ്മിത ഗോപിയും വർഷങ്ങൾക്ക് മുമ്പ് 2.5 വർഷം പി.ഡി. പത്മനാഭൻ നായരും സി.പി.എം ബാനറിൽ ചെയർമാനായിട്ടുണ്ട്. ഇടതുപിന്തുണയോടെ കോൺഗ്രസ് വിമതന്മാരും കുറച്ചുനാൾ ഭരിച്ചു. രാഷ്ട്രീയടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ബാക്കി കാലയളവെല്ലാം കോൺഗ്രസിനായിരുന്നു ഭരണം.