
കൊച്ചി: മുൻകൂർ പരിസ്ഥിതി അനുമതി നേടിയശേഷമേ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാവൂവെന്ന് ഡിസംബർ എട്ടിന് സുപ്രീം കോടതി വിധിച്ചിരിക്കെ ഇടപ്പള്ളി മൂത്തകുന്നം പ്രദേശത്തെ സ്ഥലമേറ്റെടുക്കൽ നിയമവിരുദ്ധവും കോടതിയലക്ഷ്യമാണെന്നും ഈ സാഹചര്യത്തിൽ നടപടികൾ നിറുത്തിവയ്ക്കണമെന്നും ദേശീയപാത സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുത്ത് 3ഡി വിജ്ഞാപനം ഇറക്കുന്ന നടപടികളാണ് തുടരുന്നത്. പരിസ്ഥിതി ആഘാത പഠനം, പൊതു തെളിവെടുപ്പ്, പൊതുചർച്ച, പാരിസ്ഥിതിക അനുമതി എന്നിവയ്ക്ക് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാൻ പാടുള്ളൂ എന്നാണ് 2013 ലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. ഇതാണ് സുപ്രീംകോടതി ശരിവച്ചത്. ഇക്കാര്യങ്ങൾ 2019 ജനുവരി ഒന്നിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമരസമിതി ചൂണ്ടിക്കാട്ടിയിരുന്നു. സമരസമിതി നേതാക്കൾക്ക് നിയമമറിയില്ലെന്ന് ആക്ഷേപിക്കുകയും മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയുമാണ് അന്നത്തെ കളക്ടർ ചെയ്തത്.
സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറെ വ്യക്തിപരമായി എതിർപ്പ് രേഖപ്പെടുത്തിയ ആയിരത്തോളം ഉടമകളും ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് രേഖപ്പെടുത്തി ആക്ഷേപങ്ങൾ തീർപ്പാക്കി ഉത്തരവിട്ടു.തുടക്കം മുതൽ നിയമവിരുദ്ധമായാണ് സ്ഥലമെടുപ്പ് നടപടികൾ തുടരുന്നത്. ഉടമകളുടെ രേഖാമൂലമായ ആക്ഷേപങ്ങളിൽ കളക്ടർ നേരിട്ട് മൊഴി എടുക്കണം, കൊവിഡ് മൂലം ഹിയറിംഗിന് ഹാജരാകാൻ സാധിക്കാത്തവരുടെ മൊഴിയെടുപ്പ് മാറ്റി നൽകണം തുടങ്ങിയ ഹൈക്കോടതി വിധികളും കാറ്റിൽപ്പറത്തി. അനവധി വ്യാപാരികളുടെ ആക്ഷേപങ്ങൾ കേൾക്കാൻ പോലും തയ്യാറാവുന്നില്ല. സുപ്രീം കോടതി വിധിയോടെ സ്ഥലമെടുപ്പ് നടപടികൾ നിയമവിരുദ്ധമായതിനാൽ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ദേശീയപാത അതോറിറ്റിക്കും സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കും കത്ത് നൽകി. യോഗത്തിൽ ഹാഷിം ചേന്നാംപിള്ളി, കെ.വി. സത്യൻ മാസ്റ്റർ, രാജൻ ആന്റണി, പ്രൊഫ. നാണപ്പൻ പിള്ള, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപറമ്പിൽ, സി.വി. ബോസ്, ടോമി അറക്കൽ, ജാഫർ മംഗലശേരി, പി.എ. അബ്ദുൽ ലത്തീഫ്, അഷ്‌റഫ്, കെ.എസ്. സക്കരിയ, കെ.കെ. തമ്പി, കെ. പ്രവീൺ, അഭിലാഷ്, സലിം എന്നിവർ പങ്കെടുത്തു.