ആലുവ: ആലുവ നഗരസഭയിൽ കോൺഗ്രസിന് തുടർ ഭരണം ലഭിച്ചപ്പോഴും തിരിച്ചടിയായത് ചെയർപേഴ്സന്റെയും വൈസ് ചെയർപേഴ്സന്റെയും തോൽവിയാണ്. നഗരസഭ പ്രതിപക്ഷ നേതാവിന്റെയും സുരക്ഷിത വാർഡിൽ നിർത്തിയ ചെയർമാൻ സ്ഥാനാർത്ഥിയുടെയും പരാജയം എൽ.ഡി.എഫിനും തിരിച്ചടിയാണ്.

24 -ാം വാർഡിൽ ചെയർപേഴ്സൺ ലിസി എബ്രഹാം 110 വോട്ടിനാണ് എൽ.ഡി.എഫിലെ ശ്രീലത വിനോദ് കുമാറിനോട് പരാജയപ്പെട്ടത്. സി.പി.എം റബൽ സ്ഥാനാർത്ഥി മേഴ്സി ജെയിംസ് 70 വോട്ട് നേടിയിട്ടും ലിസിക്ക് ജയിക്കാനായില്ല. അഞ്ചാം വാർഡിൽ വൈസ് ചെയർപേഴ്സൺ സി. ഓമന മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. എൽ.ഡി.എഫിലെ ദിവ്യ സുനിൽ 225 വോട്ടും എൻ.ഡി.എയിലെ ഉമ ലൈജി 179 ഉം വോട്ട് നേടിയപ്പോൾ ഓമനക്ക് ലഭിച്ചത് 150 വോട്ട് മാത്രമാണ്. 20 -ാം വാർഡിൽ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ 19 വോട്ടിനാണ് തോറ്റത്. 11ൽ ചെയർമാൻ സ്ഥാനാർത്ഥി എം.എൻ. സത്യദേവൻ 31 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. പ്രീതയോട് തോറ്റത്.

എൻ.ഡി.എയുടെ സിറ്റിംഗ് കൗൺസിലർ എ.സി. സന്തോഷ് കുമാർ 18 -ാം വാർഡിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തെത്തിയത് നോട്ടമാണ്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് അക്കരക്കാരൻ നാലാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. നഗരസഭയിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് കോൺഗ്രസിലെ ഫാസിൽ ഹുസൈൻ (253), ലത്തീഫ് പൂഴിത്തറ (246), സൈജി ജോളി (229) എന്നിവരാണ്. കുറവ് ഭൂരിപക്ഷം 15-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി സാനിയ തോമസിനാണ്. ആറ് വോട്ട്. നാലാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. ശ്രീകാന്തിന്റെ ഭൂരിപക്ഷം 14 വോട്ടാണ്.