കൊച്ചി : ഇ.ഡിയുടെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നു വിധിപറയാൻ മാറ്റി. ഇടക്കാല സ്റ്റേ അനുവദിച്ചില്ല.
സ്വർണക്കടത്തിൽ ഇ.ഡി രജിസ്റ്റർചെയ്ത കള്ളപ്പണക്കേസുകളിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.
 രവീന്ദ്രന്റെ വാദങ്ങൾ
സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ടെങ്കിലും നീതിപൂർവമായി ഇതു വിനിയോഗിക്കുമെന്ന് കരുതുന്നില്ല. 18 - 20 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ട്. ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ തയ്യാറാണ്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതുപോലെ മണിക്കൂറുകൾ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം. രോഗാവസ്ഥ കണക്കിലെടുക്കണം. ഇ.ഡിയുടെ മൂന്നു നോട്ടീസുകളിലും മറുപടി നൽകിയിരുന്നു. കൊവിഡ് മൂലമാണ് ഹാജരാകാതിരുന്നത്. രോഗം കണക്കിലെടുക്കാതെ തുടർച്ചയായി സമൻസ് നൽകിയതിലും ആശങ്കയുണ്ടെന്നും രവീന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു.
കോടതി ചോദിച്ചത്
ഇ.ഡി അധികാരം നീതിപൂർവം വിനിയോഗിക്കില്ലെന്ന് എങ്ങനെ പറയും?. മൂന്നു നാലു സമൻസ് നൽകിയതുകൊണ്ട് ഇങ്ങനെ ആരോപിക്കാൻ കഴിയുമോ? ഒാരോതവണയും ഹാജരാകാൻ സമയം നീട്ടിനൽകിയില്ലേ?.
 ഇ.ഡിയുടെ മറുപടി
സമൻസ് നൽകാൻ ഇ.ഡിയുടെ അസി. ഡയറക്ടർ മുതലുള്ള ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്. നാലുതവണ സമൻസ് നൽകി സമയം അനുവദിച്ചെങ്കിലും സഹകരിക്കുന്നില്ല. ഹർജി അപക്വമാണ്. നിയമപരമായി നിലനിൽക്കില്ല. ഇൗ ഘട്ടത്തിൽ കോടതിയെ സമീപിക്കാൻ ഹർജിക്കാരന് കഴിയില്ലെന്നും ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കാനാവില്ലെന്നും അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.