
കോലഞ്ചേരി: അഞ്ചുവർഷം മുമ്പ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ഉദയംകൊണ്ട ട്വന്റി 20 സമീപത്തെ മൂന്ന് പഞ്ചായത്തുകൾകൂടി പിടിച്ചെടുത്തു.
കിഴക്കമ്പലം കൂടാതെ, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളാണ് ഇടതു, വലതു മുന്നണികളിൽ നിന്ന് പിടിച്ചെടുത്തത്.
ഐക്കരനാട്ടിൽ പ്രതിപക്ഷം ഇല്ല. ആകെയുള്ള14 സീറ്റും ട്വന്റി 20 നേടി. മഴുവന്നൂരിൽ 19ൽ 14 സീറ്റും കുന്നത്തുനാട്ടിൽ 18ൽ 11 സീറ്റും വെങ്ങോല പഞ്ചായത്തിൽ എട്ടുസീറ്റും ട്വന്റി 20 നേടി. ജില്ലാ പഞ്ചായത്തിൽ രണ്ടു ഡിവിഷനിലും വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ മത്സരിച്ച ഏഴിൽ അഞ്ചിലും ജയിച്ചു.
കിഴക്കമ്പലത്ത് കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റു കൂടി നേടി. 19ൽ 18 സീറ്റും ട്വന്റി 20 പിടിച്ചടക്കി. കഴിഞ്ഞതവണ 17 സീറ്റായിരുന്നു. ചേലക്കുളം വാർഡ് മാത്രമാണ് കൈവിട്ടത്. അവിടെ യു.ഡി.എഫ് സ്വതന്ത്ര അസ്‌മ അലിയാർ ആണ് ജയിച്ചത്.