
കൊച്ചി: കനത്ത പോരാട്ടം നടന്ന കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്രരും വിമതരും ഭരണം നിർണയിക്കും. സ്വതന്ത്രരെയും വിമതരെയും ഒപ്പം കൂട്ടി ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും കരുനീക്കം ശക്തമാക്കി. ഭരണം നിലനിറുത്താൻ യു.ഡി.എഫിന്റെ ഉന്നത നേതാക്കൾ തന്നെ ഇന്നലെ ഉച്ചയോടെ കളത്തിലിറങ്ങി. 34 സീറ്റുകൾ നേടിയ എൽ.ഡി.എഫ് കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒരു സ്വതന്ത്രന്റെ പിന്തുണ ലഭിച്ചാൽ ഭരണത്തിലെത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. വിമതനെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങൾ തുടരുകയാണ്. യു.ഡി.എഫ് 31, എൻ.ഡി.എ 5, സ്വതന്ത്രൻമാർ 4 ഇതാണ് കോർപ്പറേഷനിലെ കക്ഷിനില.
യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ മുതിർന്ന നേതാവ് എൻ. വേണുഗോപാൽ ഒരു വോട്ടിന് ഐലൻഡ് നോർത്തിൽ പരാജയപ്പെട്ടത് കോൺഗ്രസിന് തിരിച്ചടിയായി. എൻ.ഡി.എയിലെ പത്മകുമാരി ടി. ഇവിടെ അട്ടിമറി വിജയം നേടി. മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷൈനി മാത്യു, പി.ഡി. മാർട്ടിൻ എന്നിവരും പരാജയപ്പെട്ടു.
മത്സരിച്ച അഞ്ചു സീറ്റുകളിലും മുസ്ളീംലീഗ് പരാജയപ്പെട്ടു. കഴിഞ്ഞ തവണ ലീഗിന് രണ്ട് സീറ്റ് ലഭിച്ചിരുന്നു. മുസ്ളീംലീഗ് വിമതനായ ടി.കെ.അഷ്റഫ് കൽവത്തിയിൽ (ഡിവിഷൻ 2 ) വിജയിച്ചു. കോൺഗ്രസ് നേതാവും മുതിർന്ന കൗൺസിലറുമായ എം.ബി. മുരളീധരൻ, സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലെത്തി ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മഹേഷ്‌കുമാർ, എൽ.ഡി.എഫിലെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോ. പൂർണിമ നാരായൺ എന്നിവർ പരാജയപ്പെട്ടവരുടെ പട്ടികയിലുണ്ട്.
സ്വതന്ത്രൻമാർ നിർണായകമാകും
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുസ്ളീംലീഗ് നേതൃത്വത്തോടെ കലഹിച്ച് വിമതനായി മത്സരിച്ച് വിജയിച്ച ടി.കെ. അഷ്‌റഫ് ഭരണത്തിലെത്താൻ സാദ്ധ്യതയുള്ള കക്ഷിയെ പിന്താങ്ങുമെന്ന് വ്യക്തമാക്കി .
സി.പി.എം വിമതനായി മത്സരിച്ച കെ.പി. ആന്റണി മാനാശേരി (23)യിൽ നിന്ന് വിജയിച്ചു. ഇദ്ദേഹം തങ്ങളെ പിന്തുണയ്ക്കുമെന്ന് എൽ.ഡി.എഫിലെ മുതിർന്ന നേതാവ് പറഞ്ഞു. യു.ഡി.എഫിന്റെ സിറ്റിംഗ് കൗൺസിലറായ കെ.ജെ. പ്രകാശന്റെ ഭാര്യ മേരി കലിസ്റ്റ പ്രകാശൻ മുണ്ടംവേലി (22)യിൽ നിന്ന് വിമതയായി വിജയിച്ചു. പനയപ്പള്ളിയിൽ യു.ഡി.എഫ് വിമതനായി മത്സരിച്ച സനിൽമോൻ ജെ ആണ് വിജയിച്ച മറ്റൊരു സ്വതന്ത്രൻ.
അഞ്ചു സീറ്റിൽ എൻ.ഡി.എ
യു.ഡി.എഫിന്റെ കുത്തകയായിരുന്ന എറണാകുളം സൗത്ത്, ഐലൻഡ് നോർത്ത് , എൽ.ഡി.എഫ് സിറ്റിംഗ് സീറ്റായിരുന്ന അമരാവതി എന്നിവ എൻ.ഡി.എ പിടിച്ചെടുത്തു. നിലവിലുണ്ടായിരുന്ന എറണാകുളം സെൻട്രൽ, ചെറളായി ഡിവിഷനുകൾ നിലനിറുത്തി. മിനി ആർ. മേനോൻ (എറണാകുളം സൗത്ത്), പത്മകുമാരി ടി. ( ഐലൻഡ് ), അഡ്വ. പ്രിയ പ്രശാന്ത് (അമരാവതി ), രഘുരാമ പൈ ജെ. (ചെറളായി ), സുധ ദിലീപ്‌കുമാർ ( സെൻട്രൽ ) എന്നിവരാണ് വിജയിച്ചത്.