
പള്ളുരുത്തി: മികച്ച വിജയം നേടിയെങ്കിലും കണ്ണീർ ചാലുകളായിരുന്നു അശ്വതിയുടെ മുഖത്ത്. തന്റെ വിജയം ആഘോഷിച്ചുള്ള പ്രകടനത്തിന് മുന്നിൽ കൊടിപിടിച്ച് നടക്കാൻ അച്ഛനില്ലാതെ പോയല്ലോ എന്നതായിരുന്നു യുവ കൗൺസിലറുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ കാരണം. ഡിസംബർ ആദ്യവാരമായിരുന്നു പശ്ചിമകൊച്ചിയുടെ കമ്മ്യൂണിസ്റ്റ് മുഖമായിരുന്ന അശ്വതിയുടെ പിതാവ് ടി.കെ വത്സനെ മരണം തട്ടിയെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ഉണ്ടായ ആകസ്മിക വിയോഗം അണികളെയടക്കം സങ്കടത്തിലാഴ്ത്തി. രണ്ട് പതിറ്റാണ്ടോളം സി.പി.എം പള്ളുരുത്തി ഏരിയ സെക്രട്ടറിയായിരുന്നു വത്സൻ. വിജയ വാർത്തയറിഞ്ഞ് അശ്വതി ആദ്യം ഓടിയത് പിതാവിന്റെ ഫോട്ടോയുടെ അരികിലേക്കായിരുന്നു. ഈ ജയം അച്ചന് സമർപ്പിക്കുന്നതായി അശ്വതി പറഞ്ഞു. അഭിഭാഷകയായി അശ്വതി പിതാവിലൂടെയാണ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. വനിതാ വാർഡായ കോണം ഡിവിഷനിൽ അഞ്ച് സ്ഥാനാർത്ഥികൾക്കൊപ്പം മത്സരിച്ച് 875 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അശ്വതി വിജയക്കൊടി പാറിച്ചത്.