പറവൂർ: പറവൂർ നഗരസഭയിൽ ഹാട്രിക് വിജയം നേടി യു.ഡി.എഫ് ഭരണം നിലനിറുത്തി. 29 വാർഡുകളിൽ കേവലഭൂരിപക്ഷമായ പതിനഞ്ച് സീറ്റുകൾ യു.ഡി.എഫ് നേടിയപ്പോൾ ഒമ്പത് സീറ്റ് എൽ.ഡി.എഫിനും നാല് സീറ്റ് എൻ.ഡി.എയും കോൺഗ്രസ് വിമതൻ ഒരു സീറ്റും നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് പതിനഞ്ചും, എൽ.ഡി.എഫിന് പതിമൂന്നും, എൻ.ഡി.എ ഒരു സീറ്റുമായിരുന്നു. എൻ.ഡി.എ ഒരു സീറ്റിൽ നിന്നും നാലായി വർദ്ധിച്ചപ്പോൾ പതിമൂന്ന് സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് ഒമ്പത് സീറ്റുകളിലേയ്ക്ക് ചുരുങ്ങി. ഏഴു പേർ കോൺഗ്രസ് വിമതരിൽ ഒരാൾ മാത്രം വിജയിച്ചു. എൽ.ഡി.എഫിൽ സി.പി.എമ്മിന് എട്ടും കോൺഗ്രസ് എസിന് ഒരു സീറ്റും ലഭിച്ചു. ഏഴ് സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് ഒരാളെപോലും വിജയിപ്പിക്കാനായില്ല. പറവൂർ നഗരസഭ ചെയർമാനായിരുന്ന കോൺഗ്രസിലെ രമേഷ് ഡി. കുറുപ്പും പത്ത് വർഷം പ്രതിപക്ഷ നേതാവായിരുന്ന സി.പി.എമ്മിലെ കെ.എ. വിദ്യാനന്ദനും പരാജയപ്പെട്ടു.