
കോലഞ്ചേരി: മദ്യപാനത്തെത്തുടർന്നുള്ള തർക്കത്തിനിടെ വീട്ടിലെ മച്ചിൽനിന്നും സഹോദരൻ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ അനുജൻ മരിച്ചു. പഴന്തോട്ടം പുന്നോർക്കോട് കണ്ടാരത്തിൻകുടി പ്രദീപാണ് (38) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വീട്ടിൽ മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. തർക്കം രൂക്ഷമായതോടെ പ്രദീപ് വീടിന്റെ മച്ചിന്റെ മുകളിൽകയറി ഒളിച്ച് രക്ഷപെടാൻ ശ്രമിച്ചതുകണ്ട ജ്യേഷ്ഠൻ പ്രസാദ് (40) അവിടെയെത്തി താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. താഴെവീണ പ്രസാദിന് കാര്യമായ അസ്വസ്ഥതകൾ ഒന്നുമില്ലാതിരുന്നതിനാൽ നാട്ടുചികിത്സയാണ് വീട്ടുകാർ നൽകിയത്. പിറ്റേന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. പ്രസാദ് ഒളിവിലാണ്. ഇരുവരും അവിവാഹിതരാണ്. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ പറഞ്ഞു.