
കൊച്ചി: യു.ഡി.എഫിന്റെ എറണാകുളം ജില്ലയിലെ ആധിപത്യം തകർക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച വിജയം നേടാനായ മികവിലാണ് എൽ.ഡി.എഫ്. പത്തു വർഷത്തിന് കൊച്ചി കോർപ്പറേഷൻ പിടിച്ചെടുക്കാൻ എൽ.ഡി.എഫ് ശ്രമം തുടരുന്നു. കൊച്ചിയിൽ വെല്ലുവിളി നേരിട്ടെങ്കിലും ജില്ലയുടെ മറ്റു തദ്ദേശ സ്ഥാപനങ്ങൾ നിലനിറുത്താൻ യു.ഡി.എഫിന് കഴിഞ്ഞു. കൊച്ചിയിൽ അഞ്ചു പേരെ വിജയിപ്പിച്ച ബി.ജെ.പിക്കാണ് ഏറ്റവും നേട്ടം. 94 സീറ്റുകൾ ബി.ജെ.പി ജില്ലയിൽ നേടി.
ത്രിതല പഞ്ചായത്തുകളിൽ യു.ഡി.എഫാണ് മുന്നിൽ. കിഴക്കമ്പലം ട്വന്റി 20 സമീപത്തെ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ കൂടി പിടിച്ചടക്കി. വെങ്ങോലയിൽ എട്ടു സീറ്റ് നേടി എൽ.ഡി.എഫിനൊപ്പമെത്തി.
രണ്ടു തവണയായി യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ എൽ.ഡി.എഫിന് 34 ഉം യു.ഡി.എഫിന് 31ഉം ബി.ജെ.പിക്ക് 5 ഉം സീറ്റ് ലഭിച്ചു. വിമതരുടെ പിന്തുണയോടെ ഭരണം ഉറപ്പിക്കാൻ ഇരുമുന്നണികളും ഉൗർജ്ജിതശ്രമം നടത്തി. ഭരണം പിടിക്കുമെന്ന് ഹൈബി ഈഡൻ എം.പി ഉൾപ്പെടെ പറയുന്നു. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വിമതരുമായി യു.ഡി.എഫ് നേതാക്കൾ ചർച്ച തുടരുകയാണ്. നാലു സ്വതന്ത്രർ വിമതരായി ജയിച്ചവരാണ്. രണ്ട് വിമതരെ ഒപ്പം കൂട്ടി ഭരണംപിടിക്കുമെന്ന് സി.പി.എം നേതൃത്വവും അവകാശപ്പെടുന്നുണ്ട്.
ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് 16 സീറ്റ് നേടി. എൽ.ഡി.എഫിന് 9 സീറ്റും ലഭിച്ചു. രണ്ടു സീറ്റ് ട്വന്റി 20 നേടി. രണ്ടു സ്വതന്ത്രരും വിജയിച്ചു.
14 ബ്ളോക്ക് പഞ്ചായത്തുകളിൽ 9 യു.ഡി.എഫും 5 എൽ.ഡി.എഫും നേടി. കഴിഞ്ഞ തവണയും ഇതേ സ്ഥിതിയായിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ 51ൽ യു.ഡി.എഫും 20ൽ എൽ.ഡി.എഫും ഭൂരിപക്ഷം നേടി.