election
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചുണങ്ങുംവേലി സെന്റ് ജോസഫ് യു.പി. സ്‌കൂളിൽ വോട്ടെണ്ണൽ ഹാളിന് മുൻപിലെ തിരക്ക്

ആലുവ: വാഴക്കുളത്തെ വോട്ടെണ്ണൽ കേന്ദ്രമായ ചുണങ്ങുംവേലി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ പ്രവർത്തനം പരാജയമെന്ന് സ്ഥാനാർത്ഥികൾ. ആറ് പഞ്ചായത്തുകളും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് ഇവിടെ എണ്ണിയത്. മുൻ കാലങ്ങളിൽ ഇവയ്‌ക്കെല്ലാം ഓരോമുറിവീതം അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ ഇവയെല്ലാം എണ്ണുന്നതിനായി ഒരു ഹാൾ മാത്രമാണ് ഒരുക്കിയത്. വിവിധ പഞ്ചായത്തുകളിലേയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേയും സ്ഥാനാർത്ഥികളും പോളിംഗ് ഏജന്റുമാരും ഹാളിലേയ്ക്ക് തിക്കിത്തിരക്കിയെത്തിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറന്നു.
പതിവിലും വിപരീതമായി എല്ലാ വാർഡുകളിലേയും പോസ്റ്റൽവോട്ടുകൾമാത്രം ആദ്യം എണ്ണി. ഇതോടെ ഹാളിൽ സൂചികുത്താൻ ഇടമില്ലാതായി. പോസ്റ്റൽ വോട്ടുകൾ മാത്രം എണ്ണി സ്ഥാനാർത്ഥികളും ഏജന്റുമാരും വലഞ്ഞു. വിജയമാഘോഷിക്കാൻ സ്‌കൂളിന് പുറത്ത് തമ്പടിച്ച അണികളും നിരാശരായി. ഒടുവിൽ മുന്നണികൾ കളക്ടറേറ്റിൽ വിവരമറിയിച്ചതോടെ ഉച്ചയോടെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾകൂടി എണ്ണിത്തുടങ്ങിയത്.
2015ൽ ഒരു മണിയോടെ എല്ലാഫലവും പുറത്തുവിട്ടെങ്കിലും ഇത്തവണ വൈകിട്ട് ആറു മണിയായിട്ടും ഫലം മുഴുവനായും പുറത്തുവിടാൻ കഴിഞ്ഞില്ല. ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷന്റെ ഫലം അശ്രദ്ധമായി കൈകാര്യം ചെയ്യുകയും ചെയ്തതോടെ രാത്രി വൈകിയും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയാതെ വരികയുംചെയ്തു.