congress

ആലുവ: തുടർച്ചയായി മൂന്നാം വട്ടവും ആലുവ നഗരസഭ ഭരണം കോൺഗ്രസിന്റെ കൈപ്പിടിയിലൊതുങ്ങിയെങ്കിലും സിറ്റിംഗ് ചെയർപേഴ്സൺ ലിസി എബ്രഹാമാന്റെയും വൈസ് ചെയർപേഴ്സൺ സി. ഓമനയുടെയും തോൽവി വലിയ തിരിച്ചടിയായി.

മുഖ്യപ്രതിപക്ഷമായ എൽ.ഡി.എഫിനും തിരഞ്ഞെടുപ്പ് ഫലം ക്ഷീണം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവുമായ രാജീവ് സക്കറിയയും ചെയർമാൻ സ്ഥാനാർത്ഥി എം.എൻ. സത്യദേവനും പരാജയപ്പെട്ടതാണ് എൽ.ഡി.എഫിന് നാണക്കേടായത്. യഥാർത്ഥത്തിൽ നഗരസഭയിൽ ലാഭം കൊയ്തത് എൻ.ഡി.എയാണ്. അവർ ഒന്നിൽ നിന്ന് സീറ്റുകൾ നാലിലേക്ക് ഉയർത്തി. മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെ.വി. സരള എട്ടാം വാർഡിൽ നേടിയ വിജയം എല്ലാവരെയും അമ്പരപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർത്ഥിയെ എൻ.ഡി.എ. പിൻവലിച്ചത് സരളയെ സഹായിക്കാനാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. 175 വോട്ടിനാണ് സരളയുടെ വിജയം. കഴിഞ്ഞ തവണ കോൺഗ്രസിന് 251 വോട്ട് ലഭിച്ച വാർഡിൽ ഇക്കുറി ലഭിച്ചത് 97 വോട്ട് മാത്രം.

ആറാം വട്ടവും മത്സരത്തിനിറങ്ങിയവരാണ് ലിസി എബ്രഹാമും സി. ഓമനയും. യുവതലമുറക്കായി വഴി മാറികൊടുക്കണമെന്ന് പല ഭാഗത്ത് നിന്ന് ആവശ്യമുയർന്നെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് ഗ്രൂപ്പ് താത്പര്യം മാത്രം മുൻനിർത്തി വീണ്ടും കളത്തിലിറക്കിയത്. കഴിഞ്ഞ കൗൺസിലിൽ മികവ് തെളിയിച്ച കൗൺസിലർമാരെ ഗ്രൂപ്പും വ്യക്തിതാത്പര്യവും പരിഗണിച്ച് വെട്ടിനിരത്തിയതിനും ശക്തമായ തിരിച്ചടി ലഭിച്ചെന്ന് വേണം കരുതാൻ. 24 ാം വാർഡിൽ ലിസി എബ്രഹാം 110 വോട്ടിനാണ് എൽ.ഡി.എഫിലെ ശ്രീലത വിനോദ് കുമാറിനോട് പരാജയപ്പെട്ടത്. സി.പി.എം. വിമതസ്ഥാനാർത്ഥി മേഴ്‌സി ജെയിംസ് 70 വോട്ട് നേടിയിട്ടും ലിസിക്ക് ജയിക്കാനായില്ല. അഞ്ചാം വാർഡിൽ സി. ഓമന മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. എൽ.ഡി.എഫിലെ ദിവ്യ സുനിൽ 225 വോട്ടും എൻ.ഡി.എയിലെ ഉമ ലൈജി 179 ഉം വോട്ട് നേടിയപ്പോൾ ഓമനക്ക് ലഭിച്ചത് 150 വോട്ട് മാത്രമാണ്.

20 ാം വാർഡിൽ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ 19 വോട്ടിനാണ് തോറ്റത്. 11ൽ ചെയർമാൻ സ്ഥാനാർത്ഥി എം.എൻ. സത്യദേവൻ 31 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. പ്രീതയോട് തോറ്റത്. എൻ.ഡി.എയുടെ സിറ്റിംഗ് കൗൺസിലർ എ.സി. സന്തോഷ് കുമാർ 18-ാം വാർഡിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തെത്തിയത് നോട്ടമാണ്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് അക്കരക്കാരൻ 56 വോട്ടുമായി നാലാം സ്ഥാനത്താണ്.

നഗരസഭയിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് കോൺഗ്രസിലെ ഫാസിൽ ഹുസൈൻ (253), ലത്തീഫ് പൂഴിത്തറ (246), സൈജി ജോളി (229) എന്നിവരാണ്. കുറവ് ഭൂരിപക്ഷം 15ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി സാനിയ തോമസിനാണ്. ആറ് വോട്ട്. നാലാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. ശ്രീകാന്തിന്റെ ഭൂരിപക്ഷം 14 വോട്ടാണ്.