 
കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ നാല് പേരോട് മത്സരിച്ച് അട്ടിമറി വിജയം നേടി കവളങ്ങാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ജിൻസിയ ബിജു.9 സീറ്റ് നേടിയ യു.ഡി.എഫിന് തൊട്ടടുത്തായി 8 സീറ്റ് നേടി എൽ.ഡി.എഫും ഉള്ളപ്പോൾ നേര്യമംഗലം സൗത്തിൽ മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ എല്ലാവരെയും പരാജയപ്പെടുത്തി 91 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫ് ആദ്യം പരിഗണിച്ച പേരായിരുന്നു ജിൻസിയയുടേത് എന്നാൽ അവസാന നിമിഷം പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മൂലം പരിഗണിക്കപ്പെടാതെ പോയി .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 76 വോട്ടിന് എൽ.ഡി.എഫ് വിജയിച്ച വാർഡ് നിലനിർത്താൻ ശക്തമായ പ്രചരണം നടത്തുകയും നൂറ് വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലുമായിരുന്നു.എന്നാൽ രണ്ട് ബൂത്തിലും വ്യക്തമായ ലീഡ് നേടാൻ ജിൻസിയക്ക് സാധിച്ചു. വാർഡിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കും അപ്പുറം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് തന്റെ വിജയമെന്ന് ജിൻസിയ പറഞ്ഞു. വാർഡിലെ അടിസ്ഥാന വിഷയമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും മറ്റ് ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി എല്ലാവർക്കും തുല്യപരിഗണന നൽകി മുന്നോട്ട് പോകുമെന്നും ജിൻസിയ ബിജു പറഞ്ഞു.