
കൊച്ചി: വഴിയോരത്താണ് കിടപ്പെങ്കിലും പുലർകാലെ ശിവദാസൻ പൂക്കൾ തേടി നടക്കാനിറങ്ങും. പൂക്കൾ ശേഖരിച്ച് എറണാകുളം മറൈൻഡ്രൈവിൽ സ്ഥാപിച്ചിരിക്കുന്ന അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമ അലങ്കരിക്കും. അദ്ദേഹത്തോടുള്ള ആത്മാർത്ഥമായ ഇഷ്ടവും സ്നേഹവും കടപ്പാടുമാണ് അതിന് കാരണം. രണ്ടുതവണ കലാമിനെ നേരിൽ കണ്ടിട്ടുണ്ട് ശിവദാസൻ.
വർഷങ്ങൾക്ക് മുന്നേ കൊല്ലം ആശ്രമം മൈതാനിയിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കാനെത്തിയ അബ്ദുൾകലാം ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കൗതുകത്തോടെ നോക്കിനിന്ന ആളുകൾക്ക് സമീപത്തേക്ക് എത്തിയ കലാം ശിവദാസന്റെ തോളിൽ തട്ടി പേര് ചോദിച്ചതും ഹെലികോപ്റ്ററിലേക്ക് നോക്കിനിന്ന തന്നോട് അത് വിൽക്കാനല്ല തനിക്ക് തിരിച്ച് പോകാനുള്ളതാണെന്നും പറഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം നാട്ടിൽ നിന്ന് വാഹനത്തിൽ ശിവദാസൻ പഴനി ദർശനത്തിനായി തിരുവനന്തപുരം വഴി കടന്ന് പോകുമ്പോൾ വഴിയോരത്ത് കണ്ട ഒരു ഫ്ളക്സിൽ നാളെ സ്റ്റേഡിയത്തിൽ കലാം എത്തുന്നു എന്നത് ശ്രദ്ധയിൽപ്പെട്ട ശിവദാസൻ പഴനിയാത്ര അടുത്ത ദിവസത്തേക്ക് മാറ്റി അന്ന് അവിടെ തങ്ങാൻ തീരുമാനിച്ചു. പിറ്റേദിവസം സ്റ്റേഡിയത്തിലെ പരിപാടിയിൽ കലാം ആളുകൾക്കിടയിലേക്ക് വന്നപ്പോൾ തന്നെ കണ്ട് തിരിച്ചറിഞ്ഞതും 500രൂപ കൈയ്യിൽവച്ച് തന്നതും പറയുമ്പോൾ ശിവദാസന്റെ കണ്ണുകളിൽ ഈറനണിഞ്ഞു. 'ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം' എന്ന് യുവതലമുറയ്ക്ക് പ്രചോദനമേകിയ ആ മനുഷ്യനോടുള്ള ആദരവാണ് താൻ ചെയ്യുന്നതെന്ന് ശിവദാസൻ പറയുന്നു.
2015ൽ കൊച്ചിയിലെത്തിയ ശിവദാസൻ അഞ്ച് വർഷമായി ദിവസവും പ്രതിമയിൽ പൂക്കൾ വച്ച് അലങ്കരിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം കഴുകി വൃത്തിയാക്കും. മെഴുകുതിരി വില്പനയാണ് ജോലി. എന്നാൽ, കൊവിഡ് വ്യാപനത്താൽ ആ വരുമാന മാർഗം ഇല്ലാതായി ആക്ര പെറുക്കിയും വഴിയാത്രക്കാരുടെ ചെറിയ സഹായങ്ങളുമാണ് ഇപ്പോഴത്തെ ആശ്രയം. ഭാര്യ ശശികല, മക്കൾ ഷിബു, ഷിജു എന്നിവരടങ്ങിയ കുടുംബം കൊല്ലത്താണ് താമസം.