kerala

കൊച്ചി : സംസ്ഥാന മെഡിക്കൽ പി.ജി പ്രവേശനത്തിൽ ഇൗഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം നൽകണമെന്ന നിവേദനം സർക്കാർ നാല് മാസത്തിനകം പരിഗണിച്ചു തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോട്ടയം സ്വദേശി ഡോ. സജിത് രാജും തിരുവനന്തപുരം സ്വദേശിനി ഡോ. എ.കെ. ഹൃദ്യയും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവ്.

ഹർജിക്കാരായ ഇരുവരും മെഡിക്കൽ പി.ജി പ്രവേശനത്തിന് കാത്തിരിക്കുന്നവരാണ്. 27 ശതമാനം വരുന്ന ഇൗഴവ - ബില്ലവ - തിയ്യ സമുദായത്തിന് മെഡിക്കൽ പി.ജി കോഴ്സുകളിൽ മൂന്ന് ശതമാനം മാത്രമാണ് സംവരണം. മുസ്ലിം സമുദായത്തിന് രണ്ട് ശതമാനവും. ഇവരുൾപ്പെടെ കേരളത്തിലെ ജനസംഖ്യയിൽ 65 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് ആകെ സംവരണം 9 ശതമാനം. എന്നാൽ, 20 ശതമാനത്തിൽ താഴെവരുന്ന മുന്നാക്ക വിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചു. ഇത്തരത്തിൽ നടത്തിയ കഴിഞ്ഞ വർഷത്തെ മെഡിക്കൽ പി.ജി

പ്രവേശനത്തിൽ പിന്നാക്ക സമുദായക്കാരിലും അധികം സംവരണസീറ്റ് മുന്നാക്കക്കാർക്ക് ലഭിച്ചു.

പിന്നാക്ക സമുദായങ്ങൾക്കാകെ-38 സീറ്റ്. മുന്നാക്ക വിഭാഗത്തിന്-31 സീറ്റ്. ഈ അനീതിയെക്കുറിച്ച്, കഴിഞ്ഞ ഒക്ടോബർ 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന്,നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് കോ‌-ഓർഡിനേറ്റ‌ർ വി.ആർ.ജോഷിയുടെ പിന്തുണയോടെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ സമുദായത്തിന് അർഹമായ സംവരണം ആവശ്യപ്പെട്ട് സർക്കാരിനും ഉന്നതവിദ്യാഭ്യാസ, പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

ഇക്കാര്യത്തിൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടതെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. വസ്തുതാവിവരങ്ങൾ കണക്കിലെടുത്ത് സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന വാദം അംഗീകരിച്ചാണ്, നിവേദനം നാലു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.