കൊച്ചി: ബിസിനസ് പഠനം പൂർത്തിയാക്കുന്നവരിൽ ഏഴ് ശതമാനത്തിന് മാത്രമാണ് തൊഴിൽ ലഭിക്കുന്നതെന്നത് പ്രതിസന്ധിയാണെന്ന് ബംഗളൂരു ലോജിക് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ഡയറക്ടറും സഹസ്ഥാപകനുമായ വിനോദ്ചന്ദ്രൻ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ടോക്‌സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട സ്ഥാപനങ്ങളിലെ മോശം വിദ്യാഭ്യാസ നിലവാരം, കഴിവുകൾ അടിസ്ഥാനമാക്കി പാഠങ്ങൾ ലഭ്യമാകാത്തത്, കൃത്യമായി നവീകരിക്കപ്പെടാത്ത സിലബസ് തുടങ്ങിയവ ബിസിനസ് പഠനത്തിന്റെ മൂല്യം ഇടിക്കുന്നുണ്ട്. കഴിവുകൾ വളർത്താൻ ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പാഠ്യപദ്ധതി നവീകരിക്കുകയും പ്രായോഗികവിജ്ഞാനം നൽകുകയുമാണ് പ്രതിസന്ധി മറികടക്കാനുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു.