election-election

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ തടികേടായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് എറണാകുളം ജില്ലയിൽ യു.ഡി.എഫിന് നെഞ്ചിടിപ്പ് വർദ്ധിക്കും.

ഗ്രാമപഞ്ചായത്തുകളിൽ നേട്ടം കൈവരിക്കാൻ കഴിയാത്തതും മൂന്ന് മുനിസിപ്പാലിറ്റികൾ നഷ്ടമായതും എൽ.ഡി.എഫിന് ഭീഷണിയാണ്.

പതിനാല് നിയമസഭാ മണ്ഡലങ്ങളിൽ ഏഴിടത്ത് എൽ.ഡി.എഫ് മേൽക്കൈ നേടി. കൊച്ചി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം, വൈപ്പിൻ, തൃക്കാക്കര, എറണാകുളം എന്നിവയാണിവ.

ആലുവ,കളമശേരി, പറവൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ ആറു മണ്ഡലങ്ങളിലാണ് യു.ഡി. എഫ് മേധാവിത്വം.

കിഴക്കമ്പലം ട്വന്റി 20 കുന്നത്തുനാട് മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചു.

കോർപ്പറേഷൻ ഭരണം നഷ്ടമായത് എറണാകുളം, തൃക്കാക്കര, കൊച്ചി നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് ഭീഷണിയാകും.

പിറവം, കൂത്താട്ടുകുളം നഗരസഭകൾ എൽ.ഡി.എഫ് പിടിച്ചെടുത്തത് പിറവം നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിലെ അനൂപ് ജേക്കബ് എം.എൽ.എക്ക് ഭീഷണിയാണ്.

ആലുവ, അങ്കമാലി, പെരുമ്പാവൂർ, കളമശേരി, പറവൂർ നിയമസഭാ മണ്ഡലങ്ങളിൽ നില മെച്ചപ്പെട്ടതിനാൽ യു.ഡി.എഫിന് ആശങ്കയില്ല.

കിഴക്കമ്പലം ഉൾപ്പെടെ നാലു ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ജില്ലാ പഞ്ചായത്തിൽ രണ്ടും ബ്ളോക്ക് പഞ്ചായത്തിൽ നാലു സീറ്റും നേടിയ ട്വന്റി 20 ഉയർത്തുന്ന ഭീഷണി ചെറുതല്ല. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഇവർ മത്സരിക്കുന്നത് സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ വി.പി. സജീന്ദ്രന് ഭീഷണിയാകും.

അങ്കമാലി, പെരുമ്പാവൂർ, തൃക്കാക്കര, മൂവാറ്റുപുഴ നഗരസഭകൾ തിരിച്ചുപിടിച്ചത് യു.ഡി.എഫിന് നിയമസഭാ മണ്ഡലങ്ങളിൽ ധൈര്യം പകരും. മൂവാറ്റുപുഴ നഗരസഭ കൈവിട്ടെങ്കിലും പഞ്ചായത്തുകളിലെ നേട്ടം സി.പി.ഐയിലെ എൽദോ എബ്രഹാമിന് നിയമസഭാ സീറ്റിൽ ആശങ്ക ഉയർത്തുന്നില്ല.

തൃപ്പൂണിത്തുറ നഗരസഭയും ഉദയംപേരൂർ പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചതും തൃപ്പൂണിത്തുറയിൽ സി.പി.എം എം.എൽ.എയായ എം.സ്വരാജിന്റെ നില ഭദ്രമാക്കും. കൊച്ചി, കോതമംഗലം, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.