കൊച്ചി: 'ആയുർവേദത്തിലൂടെ അതിജീവനം - ഔഷധ സസ്യങ്ങളിലൂടെ പ്രകൃതി സംരക്ഷണം' എന്ന സന്ദേശവുമായി ലോകത്തെ ഏറ്റവും വലിയ ഡോക്യുമെന്ററി ഫിലിം അണിയറയിൽ ഒരുങ്ങുന്നു. മഹാമാരികളിൽ നിന്നുള്ള മോചനത്തിനൊപ്പം ഭാരതത്തിന്റെ തനതായ ആയൂർവേദമൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകുകയെന്നതാണ് 51 മണിക്കൂർ ദൈർഘ്യമുള്ള നെടുനീളൻ ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കറുകപ്പുല്ല് മുതൽ കാഞ്ഞിരമരം വരെയുള്ള അനേകായിരം വൃക്ഷലതാദികളിൽ ഒളിഞ്ഞിരിക്കുന്ന ഔഷധമൂല്യം വെളിപ്പെടുത്തുന്ന ഓരോ എപ്പിസോഡുകളും മാനവരാശിക്ക് ഏറെ മുതൽകൂട്ടാകും. നൂറിൽപ്പരം ഡോക്ടർമാരുടെയും ആയുർവേദ ആചാര്യന്മാരുടെയും അനുഭവക്കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. കൂടാതെ കേരളത്തിലെ ആദിവാസി ഊരുകളിലെ ഒറ്റമൂലി ചികിത്സകർ, പാരമ്പര്യ വൈദ്യന്മാർ, നാട്ടുചികിത്സകർ എന്നിവരുടെ വെളിപ്പെടുത്തലുകളും ചിത്രത്തിലുണ്ടാകും. ഫേസ് ബുക്കിലും യൂട്യൂബിലും അടുത്ത ആഴ്ചമുതൽ 15 മിനിറ്റ് വീതം ദൈർഘ്യമുള്ള രണ്ട് എപ്പിസോഡുകൾ വീതം സംപ്രേഷണം ചെയ്യും. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ബാനർ പ്രകാശിപ്പിച്ചു. നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചിട്ടുള്ള വി.കെ. സുഭാഷാണ് രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത്. ബാനർ പ്രകാശനത്തിലും വാർത്താസമ്മേളനത്തിലും വി.കെ. സുഭാഷ്, പ്രധാന അണിയറ പ്രവർത്തകരായ സി. കെ.കൃഷ്ണകുമാർ, മഞ്ജു, സക്കീർ, ജോബി എന്നിവർ പങ്കെടുത്തു.