
കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് എൽ.ഡി.എഫ്
കൊച്ചി: പത്തു വർഷം മുൻപ് നഷ്ടപ്പെട്ട കൊച്ചി കോർപ്പറേഷനിൽ ഭരണം തിരിച്ചുപിടിച്ച് എൽ.ഡി.എഫ്. അഡ്വ.എം. അനിൽകുമാറിനെ മേയറാക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുസ്ളീംലീഗ് വിമതനായി മത്സരിച്ച് വിജയിച്ച ടി.കെ. അഷ്റഫിന്റെ വസതിയിലെത്തി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു തീരുമാനം.
അഷ്‌റഫിന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം നൽകാൻ ധാരണയായി. സുസ്ഥിരമായ ഭരണം സാദ്ധ്യമാക്കുന്നതിനായി മറ്റ് സ്വതന്ത്രൻമാരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. അഞ്ചംഗങ്ങളുള്ള ബി.ജെ.പി ആരെയും പിന്തുണയ്ക്കാതെ മാറിനിന്നാൽ 34 സീറ്റുകളുള്ള എൽ.ഡി.എഫിന് കേവലഭൂരിപക്ഷത്തിന് ഒരു സ്വതന്ത്രന്റെ പിൻബലം മാത്രം മതി. അതേസമയം 31 സീറ്റുകൾ നേടിയ യു.ഡി.എഫിന് ഭൂരിപക്ഷത്തിലേക്ക് എത്തണമെങ്കിൽ നാലു വിമതന്മാരുടെ പിന്തുണ വേണം. വിമതൻമാരെ പാട്ടിലാക്കി ഭരണം നിലനിർത്താൻ യു.ഡി.എഫും ശ്രമം തുടരുകയാണ്.
മടങ്ങിപ്പോക്കില്ലെന്ന് ടി.കെ. അഷ്‌റഫ്
നാലാം തവണ കൗൺസിലിലേക്ക് എത്തുന്ന അഷ്റഫ് ഇനി യു.ഡി.എഫിലേക്ക് ഒരു മടക്കമില്ലെന്ന നിലപാടിലാണ്. മുസ്ളീംലീഗ് നേതാവായിരുന്ന ഇദ്ദേഹം ടോണി ചമ്മിണിയുടെ ഭരണസമിതിയിൽ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷനായിരുന്നു. രണ്ടര വർഷത്തിനു ശേഷം സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് പാർട്ടിയുമായി കലഹത്തിലായി. യു.ഡി.എഫും തനിക്ക് പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു. എൽ.ഡി.എഫിൽ ചേരുമെന്ന് ഇടക്കാലത്ത് പ്രചരണമുണ്ടായെങ്കിലും അഷ്റഫ് ലീഗിൽ തന്നെ തുടർന്നു . തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കൽവത്തിയിൽ വിമതനായി മത്സരിച്ചു വിജയിച്ചത്.
കോൺഗ്രസ് നേതാക്കളെ തടഞ്ഞു
കോൺഗ്രസ് വിമതയായ മുണ്ടംവേലി കൗൺസിലർ മേരി കലിസ്റ്റ പ്രകാശ് യു.ഡി.എഫിനെ പിന്താങ്ങും. ഡിവിഷനിലെ മുൻ കൗൺസിലറായിരുന്ന കെ.ജെ.പ്രകാശന്റെ ഭാര്യയാണ് ഇവർ.മാനാശേരി ഡിവിഷനിൽ നിന്ന് സി.പി.എം വിമതനായി മത്സരിച്ച് 537 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കെ.പി. ആന്റണിയെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഹൈബി ഈഡൻ എം.പി, ടോണി ചമ്മിണി എന്നിവർ ഉൾപ്പെടെ സംഘമാണ് വസതിയിലെത്തിയത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നേതാക്കൾ പിൻമാറി.
കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച സനിൽമോൻ ജെ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി യേശുദാസ് എ.എസിനെ നിശ്ചയിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന സനിൽമോൻ പോരാട്ടത്തിനിറങ്ങിയത്. പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെ 162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.