anilkumar
എം.കെ അനിൽകുമാർ

തൃപ്പൂണിത്തുറ: എം.കെ.അനിൽകുമാറെന്ന ഒറ്റയാളെ തോൽപ്പിക്കാൻ

രാഷ്ടീയ പാർട്ടികൾ നടത്തുന്ന അടവെല്ലാം നാലാമതും പാളി. അപരനും കുപ്രചാരണവും മറ്റ് കുതന്ത്രങ്ങളും ഒന്നും ഏറ്റി​ല്ല. ഉദയംപേരൂർ പഞ്ചായത്തി​ലെ 19-ാം വാർഡ് പുഷ്പം പോലെ ഈ സ്വതന്ത്രൻ സ്വന്തമാക്കി​. യു.ഡി.എഫ് സ്ഥാനാർത്ഥിയെ 101 വോട്ടിനാണ് തോൽപ്പി​ച്ചത്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി. അപരൻ 37 വോട്ടും പി​ടി​ച്ചു.

2005 ൽ രണ്ടാം വാർഡിൽ നിന്നാണ് അനി​ൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വാർഡും പത്തൊമ്പതാം വാർഡും മാറി​ മാറി​യാണ് മത്സരം. എവി​ടെ ചെന്നാലും അനി​ൽ വോട്ടർമാർക്ക് പ്രി​യങ്കരനാകും. സൽപ്പേര് അത്രയ്ക്കുണ്ട്. ഇല്ലായ്മകളുടെ നടുവി​ലാണെങ്കി​ലും പണം ഒരു ആകർഷണമ​ല്ല. വോട്ടർമാരുടെ ന്യായമായ എന്ത് കാര്യത്തി​നും മുന്നി​ലുണ്ടാകും. ഒത്തുതീർപ്പുകൾക്കും മൂന്നാം കി​ട രാഷ്ട്രീയവും ഈ മനുഷ്യന് അന്യമാണ്. സേവന പദ്ധതി​കൾ എവി​ടെ നി​ന്നെങ്കി​ലും ഒന്നി​നുപി​റകെ മറ്റൊന്നായി​ വാർഡി​ൽ ഉണ്ടാകും. കൃഷി, വിദ്യാഭ്യാസം, കുടുംബശ്രീ എന്നി​വയൊക്കെ അനി​ലി​ന്റെ ഇഷ്ടവി​ഷയങ്ങളും.

ഇത്രയും കാലം പഞ്ചായത്ത് അംഗമായിരുന്നെങ്കിലും ഇപ്പോഴും വാടക വീട്ടിലാണ് താമസം. ഭാര്യ ഉഷ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ബി​.സി​.എ വി​ദ്യാർത്ഥി​ അനന്തുവും പത്താം ക്ളാസ് വി​ദ്യാർത്ഥി​നി​ അഞ്ജനയുമാണ് മക്കൾ.