കൊച്ചി: മത്സ്യകർഷകർക്ക് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) രാജ്യത്തെ ആദ്യ കോൾസെന്റർ വിജയവാഡയിൽ ആരംഭിച്ചു. ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും വിളവെടുപ്പ് കൂട്ടാനുമായി മികച്ച കൃഷിരീതികൾ അവലംബിക്കാൻ സെന്റർ സഹായിക്കുമെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കോൾ സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ സാങ്കേതിക വിവരങ്ങൾ, അടിസ്ഥാനപരമായ വിജ്ഞാനം, നവീനകൃഷിരീതികൾ തുടങ്ങിയവ കർഷകർക്ക് ലഭിക്കും. പ്രോൺ ഫാർമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി വി. ബാലസുബ്രഹ്മണ്യൻ, നാഷണൽ സെന്റർ ഫോർ സസ്റ്റെയിനബിൾ അക്വാകൾച്ചർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.