തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ അധികാരം നിലനിർത്തി എൽ.ഡി.എഫ് വിജയം ഉറപ്പിച്ചപ്പോൾ അധികാരത്തിനടുത്തുവരെ എത്തിയ ബി.ജെ.പിയും ഒട്ടേറേ പിന്നാക്കം പോയ കോൺഗ്രസും പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അണിയറ ചർച്ചകളിലാണ്. നഗരസഭയിൽ ഇക്കുറിയും വനിതാസംവരണമാണ്. ആർക്കാണ് നറുക്കുവീഴുകയെന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. ഇതു സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി പി. വാസുദേവൻ പറഞ്ഞു. കഴിഞ്ഞ കൗൺസിലിൽ അംഗമായിരുന്ന ഒരു വനിത ഇക്കുറിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ ഇവർക്കുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

മുഖ്യ പ്രതിപക്ഷമാകാൻ പോകുന്ന എൻ.ഡി.എക്ക് പതിനഞ്ച് സീറ്റാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ രണ്ടു സീറ്റ് അധികം ലഭിച്ചു. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ പന്ത്രണ്ടു വാർഡുകളിൽ എൽ.ഡി.എ സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തുണ്ട്. താമരംകുളങ്ങരയിൽ നാലുവോട്ടിനും പോട്ടയിലും പിഷാരികോവിലിലും 13 വോട്ടുകൾക്കും ഇളമനയിൽ 26 വോട്ടിനുമാണ് സ്ഥാനാർത്ഥികൾ തോറ്റത്. ബി.ജെ.പിയിൽ നിന്നും കുറച്ചുപേർ പാർട്ടിവിട്ടെങ്കിലും ഇത് സംഘടനയെ ബാധിച്ചില്ലെന്ന് പറയുമ്പോഴും ബി.ജെ.പിയുടെ ഇമേജിനെ ഇതു ബാധിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

യു.ഡി.എഫിന് ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ശോഷിച്ചുവരുന്നത് പാർട്ടിക്കകത്ത് വലിയ വിവാദങ്ങൾക്കു തന്നെ വഴിവയ്ക്കും. കഴിഞ്ഞതവണ 11 സീറ്റു കിട്ടിയിരുന്നെങ്കിൽ ഇക്കുറി എട്ടായി കുറഞ്ഞു. യു.ഡി.എഫ് റബലിന്റെ വിജയവും കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ പരാജയത്തിന്റെ കാരണങ്ങൾ പഠിച്ചു പരിഹാരം കണ്ടെത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിനോദ് പറഞ്ഞു.