ഏലൂർ: രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ സംസ്ഥാനത്തെ ഏക ജനപ്രതിനിധിയാണ് ഏലൂർ നഗരസഭയിലെ 29 ാം വാർഡിൽ ജയിച്ച സാജു വടശേരി. ജയമറിഞ്ഞ് ബീഹാറിൽ നിന്നും പസ്വാന്റെ മകൻ ചിരാഗ് പസ്വാന്റെ ഫോൺ എത്തിയത് സാജു വടശേരിയെ ആഹ്ളാദത്തിലാക്കി.
എൻ.ഡി.എയുടെ ഘടകകക്ഷിയാണ് എൽ.ജെ.പി. ഉത്തരേന്ത്യയിലെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്ന പാർട്ടിക്ക് ദക്ഷിണേന്ത്യയിൽ ഒരു കൗൺസിലർ ഉണ്ടാകുമ്പോൾ എം.പിയുടെ ഗ്ലാമറാണ് സാജുവിന് കിട്ടാൻ പോകുന്നത്. സാജു പാട്ടും പാടി വിജയിക്കുമെന്ന് നേരത്തേ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
രാംവിലാസ് പസ്വാൻ മരിക്കും വരെ സാജു അദ്ദേഹത്തിന് പ്രിയപ്പെട്ടവനായിരുന്നു.
സാജുവിനു വേണ്ടി പ്രവർത്തിക്കാൻ മലപ്പുറം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് സുഹൃത്തുക്കളും പ്രവർത്തകരും ഏലൂരിൽ മുറിയെടുത്ത് താമസിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാരുടെ നിവേദനങ്ങൾ എത്തിത്തുടങ്ങി. വാർഡിലെ വോട്ടർമാരിൽ കൂടുതൽ പേർക്കും സാജുവിന്റെ പാർട്ടിയെക്കുറിച്ച് കേട്ടറിവുപോലുമില്ലെങ്കിലും കൊവിഡ് കാലത്തും പ്രളയകാലത്തും സാജു ചെയ്ത സഹായങ്ങൾ അവർക്ക് മറക്കാനാവില്ല. അതെല്ലാം വോട്ടായി. ഭാര്യ ധിനിയും, ബിരുദ വിദ്യാർത്ഥിനിയായ മകൾ സാന്ദ്രയും പ്രചാരണത്തിനിറങ്ങിയിരുന്നു. വെള്ളക്കെട്ട് , വീടില്ലാത്തവർ, റോഡ് അറ്റകുറ്റപണി തുടങ്ങി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ എന്തെന്നറിയാം. ഗോഡൗൺ പ്രദേശത്തെ 48 കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്നും സാജു പറഞ്ഞു.