മൂവാറ്റുപുഴ: പി.പി.എൽദോസ് മൂവാറ്റുപുഴ നഗരസഭ ചെയർമാനായേക്കുമെന്നാണ് സൂചന. നഗരസഭയുടെ വ്യവസായ പാർക്ക് വാർഡായ 25-ൽ നിന്നാണ് പി.പി.എൽദോസ് തിരഞ്ഞെ‌ുക്കപ്പെട്ടത്. 2000 ലും , 2010 ലും, ഇതേ വാർഡിൽ നിന്നും പി.പി.എൽദോസ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് യു.ഡി.എഫിൽ നിന്നും പ്രധാനമായും മത്സരിച്ചത് പി.പി. എൽദോസിനു പുറമെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ പി.എസ്. സലിം ഹാജിയായിരുന്നു. എന്നാൽ സലിം ഹാജി നഗരസഭയുടെ 16-ാം വാർഡായ പേട്ട വാർഡിൽ മത്സരിച്ച് പരാജയപ്പെട്ടതോടെ പി.പി. എൽദോസ് ചെയർമാനാകുമെന്ന് ഉറപ്പായി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കടാതി റൂറൽ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമാണ്. മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് വന്ന പി.പി.എൽദോസ് കെ.എസ്.യു താലൂക്ക് പ്രസിഡന്റ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് , ഡി.ഡി.സി അംഗം എന്നതിനു പുറമെ നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൂടിയാണ് . രണ്ട് വട്ടം നഗരസഭ കൗൺസിലറായിരുന്ന പി.പി. എൽദോസ് ഭരണരംഗത്ത് മികവ് തെളിയിച്ചയാളാണ്.