തൃക്കാക്കര: എൻ.ഡി.എ നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണം. കൊച്ചി കോർപ്പറേഷനിലെ പാടിവട്ടം നാല്പത്തി ഒന്നാം ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റുമായ കെ.എസ്. വിജയൻ, ബി.ഡി.ജെ.എസ് ഏരിയാ സെക്രട്ടറി ജയകുമാർ, ബി.ജെ.പി പ്രാദേശിക നേതാവ് കെ.കെ. സാജൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ പടക്കവും ഗുണ്ടും പൊട്ടിച്ചെറിഞ്ഞത്.
വലിയശബ്ദം കേട്ട് ഓടിയെത്തിയ കെ.എസ്. വിജയന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് പോർച്ചിലുണ്ടായിരുന്ന കാറിന് തീ പിടിക്കാതിരുന്നത്. ഗുണ്ട് പൊട്ടി ജയകുമാറിന്റെ വീടിന്റെ ഗേറ്റിന്റെ ഒരു ഭാഗം തകർന്നു. മതിലിന് സമീപത്തുണ്ടായിരുന്ന വളർത്തുകിളികൾ ചത്തു. സാജന്റെ വീടിന്റെ കാർ പോർച്ചിലേക്ക് പടക്കം എറിഞ്ഞെങ്കിലും അപകടമില്ല. രാത്രി പതിനൊന്നോടെ രണ്ടുപേർ ബൈക്കിലെത്തി എന്തോ വലിച്ചെറിഞ്ഞുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചു പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.