
കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമ്മിക്കാൻ സർക്കാർ വക ഭൂമി ആർക്ക് എങ്ങനെയാണ് കൈമാറിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ സിംഗിൾബെഞ്ച്, യു.എ.ഇ കോൺസുലേറ്റുമായി ലൈഫ് മിഷനുണ്ടാക്കിയ ധാരണാപത്രത്തിന്റെ പേരിൽ സർക്കാരിന്റെ ഭൂമി കൈമാറാനാവുമോയെന്നും ,അതിന് കരാറുണ്ടായിരുന്നോയെന്നും ചോദിച്ചു. ഇൗ ധാരണാപത്രത്തിന്റെ സാധുത പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു.
ലൈഫ് മിഷനെതിരെ വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമുള്ള അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സി.ബി.ഐയുടെ ഹർജിയടക്കം പരിഗണിക്കുകയായിരുന്നു കോടതി.
യു.എ.ഇ കോൺസുലേറ്റുമായുള്ള ലൈഫ് മിഷന്റെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ യൂണിടാക് എന്ന കരാർ കമ്പനിയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന സർക്കാരിന്റെ വാദത്തെത്തുടർന്നാണ് സിംഗിൾബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. വാദം തിങ്കളാഴ്ച വാദം തുടരും. അന്വേഷണത്തിനുള്ള സ്റ്റേ തിങ്കളാഴ്ച വരെ നീട്ടി.
സർക്കാരിന്റെ വാദങ്ങൾ
വീടു നിർമ്മിക്കാൻ 2.17 ഏക്കർ സർക്കാർ ഭൂമി വിട്ടുകൊടുത്തെന്നും, ഭൂമി കൈമാറ്റത്തിൽ ആരും പരാതിയുന്നയിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരോ ലൈഫ് മിഷനോ വിദേശ സഹായം സ്വീകരിച്ചിട്ടില്ല. ആ നിലയ്ക്ക് വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ല. യൂണിടാക്കിനാണ് പണം ലഭിച്ചതെന്നും സർക്കാരിനു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷൻ കെ.വി. വിശ്വനാഥൻ വാദിച്ചു. എന്നാൽ മുഖ്യമന്ത്രിയല്ലേ തുക കാൻവാസ് ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതു സദുദ്ദേശ്യത്തോടെയാണെന്നും പ്രധാനമന്ത്രിയും സമാന രീതിയിൽ വിദേശത്തു സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.
ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെ കുറ്റക്കാരനായി കാണാൻ കഴിയില്ല. ക്രിമിനൽ കേസുകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ കുടുക്കുന്നത് ശരിയല്ല. ഇവരുടെ കൈകൾ കെട്ടുന്നതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തയുടൻ ഇ.ഡി അന്വേഷണവുമായി കുതിച്ചെത്തി. കേന്ദ്ര ഏജൻസികൾ പരിധി വിടുന്നു.
ഹൈക്കോടതിയുടെ ചോദ്യങ്ങൾ
ആർക്കാണ് ഭൂമി നൽകിയത് ? എങ്ങനെയാണ് കൈമാറിയത് ? എഗ്രിമെന്റ് എവിടെ ?
ലൈഫ് മിഷന് സ്വന്തം നിലയ്ക്ക് എങ്ങനെയാണ് സർക്കാരിന്റെ ഭൂമി കൈമാറാനാവുക ?
സർക്കാരും ലൈഫ് മിഷനുമായുള്ള കൂടിക്കാഴ്ചയെ തുടർന്നല്ലേ ധാരണാപത്രമുണ്ടാക്കിയത് ?
സർക്കാരിന്റെ ഭാഗമായ സീനിയർ ഐ.എ. എസ് ഉദ്യോഗസ്ഥരല്ലേ ഇതു ചെയ്തത് ?
സി.ബി.ഐയുടെ വാദം
ലൈഫ് മിഷൻ സി.ഇ.ഒ ഇതുവരെ പ്രതിയല്ല. ആ നിലയ്ക്ക് കേസ് റദ്ദാക്കാൻ ഹർജി നൽകാൻ കഴിയില്ല. ധാരണാ പത്രം അധോലോക ഇടപാടാണ്. വിദേശ സഹായം വാങ്ങിയില്ലെന്ന സർക്കാരിന്റെ വാദം റെയിൻകോട്ട് ധരിച്ചു കുളിക്കുന്നതിനു തുല്യമാണ്.