
തൃക്കാക്കര : ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21 നു നടക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും 21 നു തന്നെ പുതിയ അംഗങ്ങൾ അധികാരമേൽക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടത്തിയാകും ചടങ്ങിലേക്ക് പ്രവേശിപ്പിക്കുക.
മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ സജ്ജീകരിക്കും. കൗണ്ടറുകളിൽ സാനിറ്റൈസർ നൽകും. രാവിലെ 10 മണിക്ക് പഞ്ചായത്തുകളിൽ നടപടികൾ ആരംഭിക്കും. പ്രായം കൂടിയ അംഗത്തെ വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കും. തുടർന്ന് ആ അംഗം മറ്റംഗങ്ങളെ വാർഡുകളുടെ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കും.
ചടങ്ങുകൾ നിരീക്ഷിക്കാൻ പെർഫോമൻസ് ആഡിറ്റ് സൂപ്പർവൈസർമാരും തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകും. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കളക്ടർ ആണ് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. രാവിലെ 10 ന് ജില്ലാ പഞ്ചായത്തിലെയും 11.30 ന് കോർപറേഷനിലെയും നടപടികൾ ആരംഭിക്കും. നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അതാത് വരണാധികാരികളാണ് മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നത്.
നഗരസഭകളിൽ 28ന്
കോർപ്പറേഷനിലും നഗരസഭകളിലും അധ്യക്ഷന്മാരെ 28ന് രാവിലെ 11ന് തീരുമാനിക്കും. ഉച്ചക്കു ശേഷം ഉപാധ്യക്ഷ്യന്മാരുടെ തിരഞ്ഞെടുപ്പും നടക്കും. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് രാവിലെ 11ന് നടക്കും. ഉച്ചക്കു ശേഷം രണ്ടിന് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും.