klm
താളും കണ്ടം ആദിവാസി ഊരി ലേക്കുള്ള മൺപാത

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡായ താളും കണ്ടം ആദിവാസി ഊരിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് താളും കണ്ടം ആദിവാസി ഊരിലെ വോട്ടർമാർ ഇക്കുറി വോട്ട് ബഹിഷ്കരിച്ചു. വാർഡിലെ 106 വോട്ടർമാരിൽ 6 പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 100 പേർ വോട്ട് രേഖപ്പെടുത്തിയില്ല. തങ്ങളുടെ കുടികളിലേക്കള്ള വഴി നന്നാക്കാത്തതിലും കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് വോട്ടവകാശം ബഹിഷ്കരിക്കുന്നതെന്ന് ആദിവാസി സമൂഹം പറയുന്നു. താളും കണ്ടത്ത് എത്തണമെങ്കിൽ വടാട്ടുപാറയിൽ നിന്നും വനത്തിലൂടെ കാട്ടുമൃഗങ്ങളെ പേടിച്ച് നാല് കിലോമീറ്ററോളം യാത്ര ചെയ്ത് ഇടമലയാർ ഡാമിലെത്തി അവിടെ നിന്നും വീണ്ടും വനപാതയിലൂടെ ആറ് കിലോമീറ്ററോളം യാത്ര ചെയ്ത് വൈശാലി തുരങ്കം കടന്ന് വേണം തളുംകണ്ടത്ത് എത്താൻ .ഇടമലയാർ താളുംകണ്ടം റോഡിൻ്റെ നിർമ്മാണം എൺപത് ശതമാനത്തോളം പൂർത്തിയായതാണ് രണ്ട് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ വനംവകുപ്പിൻ്റെ അനുമതി ആവശ്യമാണ് വനം വകുപ്പ് അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ റോഡിന്റെ നിർമ്മാണത്തിന് അനുവദിച്ചിരുന്നു എന്നാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് നിർമ്മാണം നടക്കാതെ പോയതെന്ന് മുൻ ഭരണ സമിതി അംഗം പറഞ്ഞു.