life-mission

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കോടതി സംവിധാനങ്ങളുപയോഗിച്ച് തടസപ്പെടുത്താനാണ് ഹർജിക്കാർ ശ്രമിക്കുന്നതെന്നും, ഏതുതരം അന്വേഷണം വേണമെന്ന് പറയാൻ പ്രതികൾക്ക് അവകാശമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസ് റദ്ദാക്കാൻ യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പൻ നൽകിയ ഹർജിയിലാണ് സീനിയർ അഭിഭാഷകൻ കെ. രാംകുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വിജിലൻസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും വിദേശസഹായ നിയന്ത്രണ നിയമപ്രകാരം സി.ബി.ഐക്ക് കേസെടുക്കാൻ കഴിയില്ലെന്നുമുള്ള വാദത്തെ എതിർത്താണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിദേശസഹായം നേടാൻ കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അനുമതി വേണം. ലൈഫ് മിഷൻ കേസിൽ ഇത് നേടിയിരുന്നില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിന് സ്വർണക്കടത്തുമായി ബന്ധമുണ്ട്. പദ്ധതിക്കായി സർക്കാർ ഭൂമി വാക്കാൽ കൈമാറിയെന്നാണ് ഇപ്പോൾ മനസിലാകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എന്നാൽ ടെൻഡർ നടപടികളിലൂടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നും ബാങ്ക് മുഖേനയാണ് വിദേശത്തു നിന്ന് പണം സ്വീകരിച്ചതെന്നും സന്തോഷ് ഇൗപ്പൻ വാദിച്ചു. ജി.എസ്.ടി ഉൾപ്പെടെ നൽകിയാണ് പണം വാങ്ങിയത്. സർക്കാരിന്റെ ഭൂമിയിൽ സർക്കാർ പദ്ധതി പ്രകാരമാണ് കെട്ടിടം നിർമ്മിച്ചു നൽകുന്നത്. ഇതിന് ഭൂമി കൈമാറിയിട്ടില്ലെന്നും സന്തോഷ് ഇൗപ്പൻ വിശദീകരിച്ചു. കേസിൽ കക്ഷി ചേരാൻ രണ്ടു പേർ നൽകിയ ഹർജികളും ഇന്നലെ ഹൈക്കോടതി പരിഗണിച്ചു.