election
സിബിൾ സാബു

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ അടൂപറമ്പ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.ഐയിലെ സിബിൾ സാബുവിന് മിന്നും വിജയം. ആവോലി ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെയും 11 മുതൽ 14വരെയുള്ള ഒമ്പത് വാർഡുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് അടൂപറമ്പ് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്തിന്റെ രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടത്‌ വലത് മുന്നണികളോട് ആഭിമുഖ്യം പുലർത്തുന്ന ഡിവിഷനിൽ ഇക്കുറി ശക്തമായ മത്സരമാണ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐ നേതാവ് ടി.എം.ഹാരീസ് 1360 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടി.എം ഹാരീസ് ഡിവിഷനിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഡിവിഷനിലെ പൊതുപ്രവർത്തന രംഗത്തുള്ള ബന്ധങ്ങളും തുണയാകുമെന്ന പ്രതീക്ഷയിലാണ് മഹിള സംഘം പ്രവർത്തകയും സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപികയുമായ സിബിൾ സാബുവിനെ ഇടതുമുന്നണി കളത്തിലിറക്കിയത്. ഭർത്താവ് സാബു സി.പി.ഐ കോട്ടപുറം ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷകനുമാണ്. ഡിവിഷൻ പിടിച്ചെടുക്കാൻ മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് പ്രസിഡന്റും കർഷകസംഘം നിയോജക മണ്ഡലം പ്രസിഡന്റുമായ കെ പി മുഹമ്മദിന്റെ ഭാര്യയും എറണാകുളം ജില്ലാ പ്രവാസി ഹരിത സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും ഹോണററിസെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച് വരുന്ന റജീന മുഹമ്മദാണ് യു.ഡി.എഫ് രംഗത്ത് ഇറക്കിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി സൂര്യ സലു ചാലിലും മത്സരംഗത്തുണ്ടായിരുന്നു. 258 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിബിൾ സാബു വിജയിച്ചത്.