cm-ravindran

കൊച്ചി: ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാൻ സമയം നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇടപെടുന്നത് കോടതിയുടെ ചുമതലയല്ലെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഇ.ഡി നേരത്തെ മൂന്നു തവണ രവീന്ദ്രന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൊവിഡ് രോഗത്തെ തുടർന്ന് ഹാജരായില്ല. ഡിസംബർ 12ന് വീണ്ടും നോട്ടീസ് നൽകിയതോടെയാണ് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്നും ദീർഘനേരം ചോദ്യംചെയ്യുന്നത് തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. മൂന്നു തവണ ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെന്നും തനിക്കെതിരെയോ മറ്റാർക്കെങ്കിലുമെതിരെയോ മൊഴി നൽകാൻ നിർബന്ധിക്കുമെന്ന് ആശങ്കയുണ്ടെന്ന ഹർജിക്കാരന്റെ വാദവും കോടതി തള്ളി. മൂന്നു തവണ നോട്ടീസ് നൽകിയെന്നതുകൊണ്ട് ആർക്കെങ്കിലുമെതിരെ മൊഴി നൽകാൻ നിർബന്ധിക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ല. ഹർജിക്കാരന്റെ സമയം കാത്ത് നടപടികൾ നീട്ടിക്കൊണ്ടുപോകാനും കഴിയില്ല. സുപ്രീം കോടതി വ്യക്തമാക്കിയതുപോലെ എവിടെ വച്ച്, എപ്പോൾ, ഏങ്ങനെ ചോദ്യം ചെയ്യണമെന്ന് പറയാൻ കോടതിക്ക് കഴിയില്ല. ഇവയൊക്കെ അന്വേഷണ ഏജൻസിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെട്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.