കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളുടെ വരവുചെലവ് കണക്കും ഫീസ് നിരക്കും പരിശോധിക്കാൻ ഡി.ഇ.ഒമാരെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇൗ കണക്കുകൾ പരിശോധിച്ച് 2021 ജനുവരി 21ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ സ്കൂളുകളിലെ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
ലോക്ക് ഡൗൺ സാഹചര്യത്തിൽ ചെലവിനനുസരിച്ചുള്ള ഫീസ് ഇൗടാക്കണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി സ്കൂളുകളുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ച് ഉചിതമായ ഫീസാണോ ഇൗടാക്കുന്നതെന്ന് അറിയിക്കാൻ സി.ബി.എസ്.ഇയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. കണക്കുകൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സി.ബി.എസ്.ഇ വ്യക്തമാക്കി. ഇൗ നിലപാടിനെ വിമർശിച്ച ഹൈക്കോടതി ഇതിന് കഴിയുമോ എന്ന് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഹർജികൾ വീണ്ടും പരിഗണിച്ചപ്പോഴാണ് കണക്കുകൾ പരിശോധിക്കാൻ ഡി.ഇ.ഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചത്. ഒാരോ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റും വരവുചെലവ് കണക്കുകൾ ഡി.ഇ.ഒമാർക്ക് സമർപ്പിക്കണം. ജനുവരി 20നകം ഡി.ഇ.ഒമാർ ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഇത് കണക്കിലെടുത്ത് ഹൈക്കോടതി ജനുവരി 21ന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.
ലോക്ക് ഡൗൺ സാഹചര്യം കണക്കിെലെടുത്ത് സ്കൂൾ നടത്തിപ്പിനുള്ള ചെലവിനപ്പുറത്തേക്ക് ഫീസ് ഇൗടാക്കരുതെന്ന സർക്കാരിന്റെ ഉത്തരവിനെ പിന്തുണയ്ക്കുന്നെന്ന് സി.ബി.എസ്.ഇ ഹൈക്കോടതിയിൽ വ്യക്തമാക്കി. കുട്ടികളിൽ നിന്ന് അനാവശ്യമായി ഫീസ് ഇൗടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണമെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ആവശ്യമായ ഫീസ് മാത്രം ഇൗടാക്കിയാൽ മതിയെന്ന് വിവിധ സർക്കാരുകൾ ഉത്തരവിറക്കിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ വിശദീകരിച്ചു. ഹർജികൾ ജനുവരി 21ലേക്ക് മാറ്റി.