ആലുവ: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കോടനാട്, മൂവാറ്റുപുഴ, കുറുപ്പംപടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ അഞ്ചോളം കേസുകളിൽ പ്രതിയായ വേങ്ങൂർ വെസ്റ്റ് അകനാട് കുന്നുമ്മേൽ വീട്ടിൽ വിഷ്ണുവിനെയാണ് (24) കാപ്പ ചുമത്തി എറണാകുളം റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തിയത്.
അടിപിടി, ദേഹോപദ്രവം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ കേസുകളിലെ പ്രതിയാണ്. അമൽ എന്നയാളെ നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
കുറ്റവാളികൾക്കെതിരെയുള്ള ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റൂറൽ ജില്ലയിൽ ഇതോടെ 24 പേരെ കാപ്പ ചുമത്തി നാടുകടത്തി. 21 പേരെ ജയിലിൽ അടച്ചു.