ആലുവ: ആലുവ നഗരസഭയിൽ എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന എം.എൻ. സത്യദേവന്റെ പരാജയം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ സി.പി.എം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

നഗരസഭ 11 -ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥി പ്രീത രവിയോട് 31 വോട്ടിനാണ് സത്യദേവൻ പരാജയപ്പെട്ടത്. കോൺഗ്രസ് റബൽ സ്ഥാനാർത്ഥി സുധി കാട്ടുങ്ങൽ 77 വോട്ട് നേടിയിട്ടും എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന വാർഡിൽ ചെയർമാൻ സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നിൽ ബോധപൂർവമായ വോട്ട് ചോർച്ചയുണ്ടെന്നാണ് പരാതി.

ജി.സി.ഡി.എ മുൻ സെക്രട്ടറിയും ജനകീയനുമായിരുന്ന സത്യദേവനെ ചെയർമാൻ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിലെ ചിലർക്ക് താത്പര്യമുണ്ടായിരുന്നില്ല. പാർട്ടി ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് സത്യദേവനെ സ്ഥാനാർത്ഥിയാക്കിയത്. സത്യദേവൻ ചെയർമാനായാൽ ഭരണത്തിൽ അവിഹിത ഇടപെടലുകൾ നടത്താനാകില്ലെന്ന തിരിച്ചറിവാണ് 'ചതി'ക്ക് കാരണമെന്ന് സംശയിക്കുന്നതായാണ് പരാതി.

നഗരസഭയിലെ പല വാർഡുകളിലും എൽ.ഡി.എഫിന്റെ അടത്തറയിളകിയ അവസ്ഥയാണ്. ആകെയുള്ള 26 വാർഡിൽ ഒമ്പതിടത്ത് 100ൽ താഴെ വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. പത്താം വാർഡിൽ 12 വോട്ടും നാലിൽ 14 വോട്ടും ഒമ്പതിൽ 17 വോട്ടുമാണ് എൽ.ഡി.എഫിന് ലഭിച്ചത്. രണ്ടാം വാർഡിൽ 56, എട്ടിൽ 95, 14ൽ 93, 16ൽ 99, 18ൽ 56, 21ൽ 85 വോട്ടുകളാണ് ലഭിച്ചത്. പത്താം വാർഡിൽ സ്വതന്ത്രന്മാർക്കും പിന്നിൽ അഞ്ചാംസ്ഥാനത്തും 18ൽ നാലാം സ്ഥാനത്തുമാണ്. എൻ.ഡി.എ ജയിച്ച നാല് വാർഡുകളിൽ മൂന്നിടത്തും എൽ.ഡി.എഫാണ് മൂന്നും നാലും സ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തിയത്.