പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിൽ അഞ്ചര പതിറ്റാണ്ടിലെ ആധിപത്യം നഷ്ടപ്പെട്ട് ഇടതുപക്ഷം. കയർ, കള്ള് ചെത്ത്, മത്സ്യബന്ധനം. കൈത്തറി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ പ്രദേശമാണ് ജില്ലയുടെ വടക്കേ അറ്റമായ വടക്കേക്കര. മുൻകാലങ്ങളിൽ പഞ്ചായത്തിൽ ഇടതുപക്ഷത്തി​ന് ശക്തമായ പ്രതിപക്ഷം പോലുമുണ്ടായിരുന്നില്ല. ഇവിടെയാണ് എൽ.ഡി.എഫ് കഷ്ടിച്ച് ഭരണം നിലനിർത്തുന്നത്. 20 വാർഡുകളിൽ പത്ത് നേടിയെങ്കിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല.

2015ലെ തിരഞ്ഞെടുപ്പോടെയാണ് ഇവി​ടെ എൽ.ഡി​.എഫ് അടിപതറി​ത്തുടങ്ങുന്നത്. യാതൊരു സാധീനവുമില്ലാതിരുന്ന ബി.ജെ.പി ഇടതുകേട്ടയിൽ നാലു സീറ്റുകളിൽ അട്ടിമറി വിജയം നേടിയിരുന്നു. അഞ്ചുസീറ്റിൽ യു.ഡി.എഫ് വിജയിച്ചു. കേവല ഭൂരിപക്ഷമാത്രം അംഗങ്ങളായി അന്നു ഇടതുപക്ഷത്തിന്. അടുത്ത തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചെങ്കിലും സാധിച്ചില്ല. നാല് സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ രണ്ടു സീറ്റിൽ ഒതുക്കാനായതാണ് പത്ത് സീറ്റി​ലെങ്കിലും വിജയിക്കാനായത്. ബി.ജെ.പി ജയിച്ച കൊട്ടുവള്ളിക്കാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ ബി.ജെ.പി വിജയിച്ചപ്പോഴും ഒരു സീറ്റിൽ പോലും മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരുന്നില്ല.