
ആലുവ: കണ്ണിലെ കൃഷ്ണമണി പോലെയാണ് കുന്നത്തേരിക്കാർക്ക് കെ.കെ. ശിവാനന്ദൻ. അതൊരിക്കൽ കൂടി ഉറപ്പിക്കുന്നതായിരുന്നു ചൂർണിക്കര ഗ്രാമപഞ്ചായത്ത് 11 -ാം വാർഡിലെ ശിവാനന്ദന്റെ മിന്നുന്ന വിജയം. എതിർ സ്ഥാനാർത്ഥിയുടെ ആറിരട്ടി വോട്ടിന്റെ ഭൂരിപക്ഷം. 590. ആലുവ നിയോജക മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.പ്രളയകാലത്തും കൊവിഡ് കാലത്തുമടക്കം സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ട് നേടിയെടുത്ത ജനകീയ അടിത്തറയാണ് ശിവാനന്ദന്റെ വോട്ട് ബാങ്ക്. ജനപ്രതിനിധികൾ ശിവാനന്ദനെ മാതൃകയാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. നാലാം തവണയാണ് ശിവാനന്ദൻ തദ്ദേശപ്പോരിൽ വിജയതീരം തൊടുന്നത്.
മൂന്ന് വട്ടം ഗ്രാമപഞ്ചായത്തിലേക്കും ഒരു തവണ ബ്ളോക്കിലേക്കും വിജയച്ചുകയറി. 2015ൽ വാർഡ് വനിത സംവരണമായപ്പോൾ ശിവാനന്ദന്റെ ഭാര്യ ഷൈനി ശിവാനന്ദൻ വിജയം ആവർത്തിച്ചു. 2000ലാണ് കന്നിപ്പോരാട്ടം. 2005ൽ വൻ ഭൂരിപക്ഷത്തിൽ വാഴക്കുളം ബ്ളോക്ക് പഞ്ചായത്തംഗമായി. 2010ൽ 11 -ാം വാർഡിൽ നിന്നും 500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗ്രാമപഞ്ചായത്തിലേക്ക്. അന്ന് സി.പി.എം സ്ഥാനാർത്ഥിക്ക് ലഭിച്ചത് കേവലം 26 വോട്ട് മാത്രം. 2015ലാണ് ഇതേവാർഡിൽ ഭാര്യ ഷൈനി 436 വോട്ടിന് ജയക്കൊടി പാറിച്ചു. ഇക്കുറി ശിവാനന്ദൻ 753 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിലെ ഷീബ ശിവന് ലഭിച്ചത് 163 വോട്ട് മാത്രം. എൻ.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും രംഗത്തുണ്ടായിരുന്നു. പക്ഷേ വെല്ലുവിളിയുയർത്താൻ ഇവർക്കായില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളിലേക്ക് പരിഗണിക്കുന്നതായാണ് യു.ഡി.എഫ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസ് ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗമായ ശിവാനന്ദൻ എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ വൈസ് പ്രസിഡന്റ് കൂടിയാണ്.