കൊച്ചി : പശ്ചിമകൊച്ചിയിലെ രാമേശ്വരം കനാലിന്റെ നവീകരണത്തിന് ഏതെങ്കിലും പദ്ധതി അനുവദിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ പുതിയ പദ്ധതി ഏറ്റെടുക്കാൻ തയ്യാറാണോയെന്നും അറിയിക്കാൻ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനോടു ഹൈക്കോടതി നിർദ്ദേശിച്ചു.
രാമേശ്വരം - കൽവത്തി കനാലിന്റെ ശോച്യാവസ്ഥ പരിഹരിച്ചു വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻസ് കോ ഒാർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ഹർജി ജനുവരി 13 ന് വീണ്ടും പരിഗണിക്കും.
കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനൊപ്പം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും ഇൗ ഹർജിയിൽ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്കു വേണ്ടി സൂപ്രണ്ടിംഗ് എൻജിനീയർ നൽകിയ റിപ്പോർട്ടനുസരിച്ച് ഉടനടി നടപടിയെടുത്തില്ലെങ്കിൽ മഴക്കാലങ്ങളിൽ കൊച്ചി വെള്ളത്തിനടയിലാകുന്ന സാഹചര്യം തുടരുമെന്നാണ് മനസിലാകുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കായലിലെ മേജർ ഷിപ്പ് ഡോക്ക് യാർഡിന്റെ നിർമ്മാണം മരട്, അരൂർ മേഖലകളിൽ വെള്ളപ്പൊക്കമുണ്ടാക്കുമെന്ന റിപ്പോർട്ടിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാമെന്ന് കോസ്റ്റ് ഗാർഡും ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
രാമേശ്വരം - കൽവത്തി കനാലിലെ ചെളി നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഫണ്ടു കണ്ടെത്തുന്ന വിഷയമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന് സഹായിക്കാൻ കഴിയുമോയെന്നാണ് സിംഗിൾബെഞ്ച് ആരാഞ്ഞത്.
പശ്ചിമകൊച്ചിയിലെ പ്രധാന കനാലായ രാമേശ്വരം മാലിന്യം നിറഞ്ഞ് ദുരിതാവസ്ഥയിലാണ്. കനാൽ പരിസരത്ത് താമസിക്കുന്നവർക്ക് കടുത്ത രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പതിവാണ്. കനാൽ ശുചീകരിക്കാൻ വർഷങ്ങളായി വൻതുക ചെലവഴിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. നഗരസഭ നടത്തിയ ശ്രമങ്ങളും വിജയിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നഗരവികസന പദ്ധതിയായ സ്‌മാർട്ട് സിറ്റിയുടെ താല്പര്യം തേടുന്നത്.