actress-harrassed

കൊച്ചി : നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസ് എറണാകുളം അഡിഷണൽ സ്പെഷ്യൽ സെഷൻസ് കോടതി ജനുവരി ആദ്യവാരം പുനരാരംഭിക്കും.

സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ.സുരേശൻ രാജിവച്ചതിനെത്തുടർന്ന് വിചാരണനടപടികൾ നിറുത്തിവച്ചിരുന്നു. രണ്ടാഴ്‌ചയ്ക്കകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനമുണ്ടായേക്കും. പക്ഷപാതപരമായി കോടതി പെരുമാറുന്നതായി ആരോപിച്ച് സർക്കാരും നടിയും കോടതി മാറ്റത്തിന് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് നിരസിച്ചതിനെത്തുടർന്നാണ് അഡ്വ. സുരേശൻ രാജിവച്ചത്. കോടതി മാറ്റത്തിനായി സർക്കാർ സുപ്രീം കോടതിയിലേക്ക് പോയെങ്കിലും തള്ളി. അടുത്തതവണ കേസ് പരിഗണിക്കുന്നതിനു മുമ്പ് സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 22 ന് വിചാരണക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. കേസിൽ ഇതുവരെ 80 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയടക്കം 40 സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. 2021 ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശം.

ജനുവരി ആദ്യവാരം വിചാരണ പുനരാരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ വസ്തുതകൾ ചൂണ്ടിക്കാട്ടി സമയം നീട്ടിക്കിട്ടാൻ വിചാരണക്കോടതി അപേക്ഷ നൽകേണ്ടിവരും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടൻ ദിലീന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയടക്കം വിചാരണക്കോടതി പരിഗണിക്കാനുണ്ട്.

വിപിൻലാലിന്റെ ജാമ്യം :

കോടതി റിപ്പോർട്ട് തേടി

കേസിലെ മാപ്പുസാക്ഷിയായ ചങ്ങനാശേരി സ്വദേശി വിപിൻലാലിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ വിചാരണക്കോടതി പ്രോസിക്യൂഷനോടു നിർദേശിച്ചിട്ടുണ്ട്. 22 ന് റിപ്പോർട്ട് പരിഗണിക്കും. മുൻമന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ ഒാഫീസ് സെക്രട്ടറി വിപിൻലാലിനെയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. കേസിൽ പത്താം പ്രതിയായിരുന്ന ഇയാളെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 306 പ്രകാരം ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ മാപ്പുസാക്ഷിയാക്കിയാൽ വിചാരണ പൂർത്തിയാകുംവരെ അയാൾ തടവിൽ കഴിയണം. എന്നാൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് പുറത്തിറങ്ങിയ വിപിൻലാൽ കാസർകോട് ഒരു ബന്ധുവീട്ടിലാണ് താമസം. വിപിൻലാലിന് ജാമ്യം നൽകിയ ഉത്തരവിന്റെ വിവരങ്ങൾ തേടി ദിലീപ് നൽകിയ അപേക്ഷയിൽ ഇക്കാര്യങ്ങൾ കോടതിയുടെ രേഖകളിൽ കണ്ടെത്താനായില്ല. തുടർന്നാണ് പ്രോസിക്യൂഷന്റെ റിപ്പോർട്ട് തേടിയത്.