actress-harrassed

കഴിഞ്ഞ ദിവസം രണ്ട് യുവാക്കളിൽ നിന്ന് മോശം അനുഭവം നേരിട്ട യുവ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

'ഞാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശബ്ദമുയർത്തുന്ന വ്യക്തിയല്ല. പക്ഷേ ഇന്ന് നടന്ന സംഭവം പറയാതെ, അത് പൊയ്‌ക്കോട്ടെ എന്ന് വിചാരിക്കാൻ എനിക്കാകില്ല. രണ്ടുപേർ ഒരു ഹൈപ്പർ മാർക്കറ്റിൽ എന്നെ പിന്തുടരുകയും ശരീരത്തിൽ സ്‌പർശിച്ച് കടന്നുപോകുകയും ചെയ്തു. അതൊരു തിരക്കുള്ള സമയമായിരുന്നില്ല. എനിക്ക് പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല. ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോയെന്ന് സംശയിച്ചു. പക്ഷേ, നിങ്ങൾക്കറിയാമല്ലോ ശരിയായ പെരുമാറ്റമല്ലെങ്കിൽ അത് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. കുറച്ചകലെ നിന്നിരുന്ന സഹോദരി ഇതെല്ലാം വ്യക്തമായി കണ്ടിരുന്നു. അവർ അരികിൽ വന്ന് കുഴപ്പം ഒന്നുമില്ലല്ലോയെ ചോദിച്ചു. ഞാൻ ആകെ ഞെട്ടലിലായിരുന്നു. നിമിഷങ്ങൾക്കകം ഞാൻ അവരുടെ അരികിലേക്ക് നടന്നു. എന്നെ കണ്ടില്ലെന്ന് അവർ നടിച്ചു. എനിക്ക് മനസിലായെന്ന് അയാൾ അറിയണമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്‌തത്. പെട്ടെന്ന് അവർ സ്ഥലം വിട്ടു.

ആ നിമിഷം ദേഷ്യത്തിലായിരുന്നു ഞാൻ. അതുകൊണ്ട് ഒന്നും പറയാൻ സാധിച്ചില്ല. പെട്ടെന്ന് തന്നെ ഞങ്ങൾ അമ്മയുടെയും സഹോദരന്റെയും അടുത്തെത്തി. പിന്നീട് കൗണ്ടറിൽ പണമടയ്ക്കുവാൻ നിൽക്കുന്ന സമയത്ത് അവർ എന്റെയും സഹോദരിയുടേയും അരികിലെത്തി സംസാരിക്കാൻ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് താൻ അഭിനയിച്ചത് എന്നാണ് അറിയേണ്ടിയിരുന്നത്. ഞാൻ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാൻ പറയുകയും ചെയ്തു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവർ അവിടെ നിന്നും സ്ഥലം വിട്ടു.

വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ഓരോ നിമിഷവും ഒരു സ്ത്രീ എന്ന നിലയിൽ സ്വയം സംരക്ഷിച്ച് ഞാൻ ക്ഷീണിച്ചിരിക്കുന്നു. ഞാൻ തിരിയുമ്പോഴോ കുനിയുമ്പോഴോ എന്റെ വസ്ത്രം ഒന്നു മാറികിടക്കുന്നുണ്ടോയെന്ന് നോക്കി, ആൾക്കൂട്ടത്തിൽ എന്റെ മാറിടങ്ങളെ കൈകൾ കൊണ്ട് മൂടിവച്ച്... പട്ടിക നീണ്ടു പോവുന്നു. ഞാൻ വീട്ടിലിരിക്കുന്ന സമയങ്ങളിൽ അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇവയെല്ലാം ഞരമ്പുരോഗികളായ പുരുഷന്മാർ കാരണമാണ്. നിങ്ങൾ ഞങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നു.

ഞങ്ങളുടെ സ്ത്രീത്വത്തിന്റെ സന്തോഷങ്ങളും സമാധാനവുമാണ് ഇല്ലാതാക്കുന്നത്. ഇത്തരം ആളുകളെ ഞാൻ വെറുക്കുന്നു. ഇത് വായിക്കുന്ന പുരുഷന്മാരെ നിങ്ങൾ ഒരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ ജീവിതത്തിൽ ഏറ്റവും തരംതാണ ആളുകളാണ് നിങ്ങൾ. നിങ്ങൾ നരകത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. ഇന്നത്തെ രണ്ടുപേരെ പോലെ നിങ്ങൾ ഒരിക്കലും ഇവയിൽ നിന്ന് രക്ഷപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഇത് വായിക്കുന്ന സ്ത്രീകളോട്, അവരുടെ മുഖത്ത് അടിക്കാൻ എനിക്കില്ലാതിരുന്ന ധൈര്യം നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാവട്ടെയെന്ന് ഞാൻ ആശിക്കുന്നു".