
യുവനടിയുടെ പോസ്റ്റ് വായിച്ചപ്പോൾ അങ്ങേയറ്റം അഭിമാനവും സന്തോഷവും തോന്നി. ഇന്നത്തെ പെൺകുട്ടികൾക്കേ ഇങ്ങനെ പ്രതികരിക്കാൻ കഴിയൂ. നടിയെ കുട്ടിക്കാലം മുതൽ അറിയാം. രക്ഷിതാക്കൾ എന്റെ സുഹൃത്തുക്കളാണ്. പെൺമക്കൾക്ക് ഇത്തരത്തിൽ പ്രശ്നമുണ്ടായാൽ കാര്യമാക്കേണ്ട എന്നാവും സാധാരണഗതിയിൽ വീട്ടുകാരുടെ പ്രതികരണം. ഇവിടെ മകൾക്ക് ഒപ്പം നിന്ന രക്ഷിതാക്കളോടും ആദരവുണ്ട്.
എല്ലാ സ്ത്രീകൾക്കും 24 മണിക്കൂറും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കേണ്ട ഗതികേടാണ്. യാത്ര ചെയ്യുമ്പോൾ, ജോലി സ്വീകരിക്കുമ്പോൾ, രാത്രി ഷിഫ്റ്റ് വന്നാൽ അങ്ങനെ ഓരോ ചുവടിലും ആകുലപ്പെടും. ഏതു പ്രായത്തിലുള്ള സ്ത്രീകളാണെങ്കിലും പുറത്തിറങ്ങി കഴിഞ്ഞാൽ കുടുംബത്തിലുള്ളവർ വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കും. പൊതുവഴിയിൽ അവർ സുരക്ഷിതരല്ലെന്ന് വീട്ടിലെ പുരുഷൻമാർ ഉൾപ്പെടെയുള്ളവർക്ക് അറിയാം. ശ്രദ്ധിക്കണമെന്ന് ഉപദേശം ലഭിക്കും.
രാത്രിയിൽ യാത്ര ചെയ്യരുത്, മാന്യമായി വേഷം ധരിക്കണം തുടങ്ങിയ പൊതുധാരണകളെയാണ് നടി അടിച്ചിരുത്തിയത്. അതെനിക്ക് ഇഷ്‌ടപ്പെട്ടു.
സിനിമാനടിയായതു കൊണ്ടു മാത്രമല്ല യുവാക്കൾ അവരോട് മോശമായി പെരുമാറിയത്. ഇത്തരം ആളുകൾ ഏതൊരു പെണ്ണിനെയും ഉപദ്രവിക്കാൻ മടിക്കാത്തവരാണ്. സ്ത്രീകൾ തങ്ങളുടെ ഉപഭോഗ വസ്തുക്കളാണെന്നാണ് ഇത്തരക്കാരുടെ വിശ്വാസം.
ഇത്തരം പെരുമാറ്റം ചെറിയ കാര്യമാണെന്ന് കരുതി പഴയ തലമുറ കണ്ടില്ലെന്ന് നടിച്ചു. ഇന്നത്തെ യുവതികൾ അത് സമ്മതിച്ചു തരില്ല. ആദരവും തുല്യതയും അവർ സ്ഥാപിച്ചെടുക്കുന്നത് വലിയ സംഭവം തന്നെയാണ്. ഇത് നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമായ പ്രതികരണമാണ്.
ഇത്തിരി സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന പെൺമക്കളുള്ള രക്ഷിതാക്കൾക്ക്, മക്കളെ അഴിച്ചു വിട്ടിരിക്കുകയാണല്ലേ എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടിവരും. യഥാർത്ഥത്തിൽ അഴിച്ചുവിട്ടിരിക്കുന്നതു പുരുഷൻമാരെയാണ്. അവരെ നിയന്ത്രിക്കാനും സമൂഹത്തിന്റെ ചിന്താഗതി മാറ്റുന്നതിനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.