ആലുവ: ഇരുമുന്നണികളും അട്ടിമറി വിജയവും തോൽവിയും ഏറ്റുവാങ്ങിയ ആലുവ മേഖലയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ചരടുവലികൾ തുടങ്ങി. അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുമ്പോൾ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് പുറമെ സാമുദായിക പരിഗണനയുമുണ്ടാകും. 21ന് അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും ഔദ്യോഗിക ചർച്ചകൾ. 30നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

ആലുവ നഗരസഭ

കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ച നഗരസഭയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.ഒ. ജോൺ ചെയർമാനാകും. എന്നാൽ വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം തുടങ്ങി. മൂന്നാം വട്ടവും കൗൺസിലിലെത്തിയ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെബി മേത്തർ, സൈജി ജോളി എന്നിവരാണ് രംഗത്തുള്ളത്. ഇരുവരും എ ഗ്രൂപ്പുകാരാണെങ്കിലും ജെബി മേത്തറിനെ പിന്തുണയുമായി എട്ട് പേർ കെ.പി.സി.സിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ കൗൺസിലിൽ പാർട്ടി ധാരണ പ്രകാരം രണ്ട് വർഷം ചെയർപേഴ്സൺ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യം കൂടി പരിഗണിച്ച് ജെബി വൈസ് ചെയർപേഴ്സൺ ആയേക്കും.

ചൂർണിക്കര ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ശാന്ത ഉണ്ണികൃഷ്ണൻ പരാജയപ്പെട്ടതിനാൽ മൂന്നാം വട്ടം ജയിച്ച രാജി സന്തോഷ് പ്രസിഡന്റായയേക്കും. യു.ഡി.എഫിൽ മറ്റ് മൂന്ന് വനിതകൾ കൂടിയുണ്ടെങ്കിലും അനുഭവസമ്പത്ത് പരിഗണിക്കും. മാത്രമല്ല, മഹിള കോൺഗ്രസിന്റെ മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു രാജി സന്തോഷ്. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി വൈസ് പ്രസിഡന്റാകും. നേരത്തെ പ്രസിഡന്റും സ്ഥാന്റിംഗ് കമ്മിറ്റി ചെയർമാനുമായിട്ടുണ്ട്. പത്ത് പേരിൽ ഏഴ് പേരും ഐ ഗ്രൂപ്പുകാരാണ്.

എടത്തല ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. എൽ.ഡി.എഫിൽ സി.കെ. വിജിയും പ്രീജ കുഞ്ഞുമോനും ഈ വിഭാഗത്തിൽ നിന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ട സി.പി.ഐ ടിക്കറ്റിൽ മത്സരിച്ചവരെല്ലാം തോൽവി രുചിച്ചതിനാൽ ഈ സീറ്റ് എൻ.സി.പിക്ക് ലഭിച്ചേക്കും. അങ്ങനെയെങ്കിൽ എം.എ. അബ്ദുൾ ഖാദർ, അഫ്സൽ കുഞ്ഞുമോൻ എന്നിവരിലാരെങ്കിലുമാകും. സി.പി.എം ഏറ്റെടുത്താൽ ലോക്കൽ കമ്മിറ്റി അംഗം എം.എ. അജീഷ്, ലോക്കൽ കമ്മിറ്റിയംഗം സി.എച്ച്. ബഷീർ എന്നിവരിൽ ഒരാൾ സ്ഥാനത്ത് എത്തിയേക്കും.

കീഴ്മാട് ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ് പട്ടികജാതി വനിതാ സംവരണമാണ്. അതിനാൽ എൽ.ഡി.എഫ് പക്ഷത്ത് നിന്നും പ്രമുഖരാരും മത്സരരംഗത്തുണ്ടായിരുന്നില്ല. അഞ്ചാം വാർഡിൽ നിന്നും ജയിച്ച സതി ടീച്ചർ മാത്രമാണ് പട്ടികജാതി വനിത വിഭാഗത്തിൽ നിന്നും എൽ.ഡി.എഫിനുള്ളത്. അതിനാൽ സതി ടീച്ചർ പ്രസിഡന്റാകുമെന്ന് ഉറപ്പാണ്. സി.പി.ഐ സ്ഥാനാർത്ഥികളെല്ലാം തോറ്റതിനാൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അഭിലാഷ് അശോകൻ വൈസ് പ്രസിഡന്റാകും. നിലവിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത കടുങ്ങല്ലൂരിൽ കടുത്ത ആശയകുഴപ്പത്തിലാണ് മുന്നണികൾ. 21 അംഗ ഭരണസമിതിയിൽ എട്ട് വീതം സീറ്റാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും. ബി.ജെ.പിയുടെ മൂന്നംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലെ ഇരുമുന്നണിക്കും കേവല ഭൂരിപക്ഷമാകു. എസ്.ഡി.പി.ഐയ്ക്കും രണ്ട് സീറ്റുണ്ടെങ്കിലും കാര്യമില്ല. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ തേടാതിരുന്നാൽ നറുക്കെടുപ്പിലൂടെ അദ്ധ്യക്ഷന്മാരെ കണ്ടെത്തണം. അങ്ങനെയായാൽ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി സുരേഷ് മുട്ടത്തിലും വൈസ് പ്രസിഡന്റായി ഷാഹിന ബീരാനുമായിരിക്കും. എൽ.ഡി.എഫ് പക്ഷത്ത് വി.കെ. ശിവൻ പ്രസിഡന്റും രാജലക്ഷ്മി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമാകും.