cbse-school

പരീക്ഷകളിൽ തീരുമാനം പിന്നീട്

കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളും ജനുവരി ഒന്നിന് തുറക്കും. പരീക്ഷകൾ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ തീരുമാന പ്രകാരം നടത്തും. പരീക്ഷാത്തീയതി നിശ്ചയിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ചകൾ തുടരുന്നു.

സംസ്ഥാനത്തെ സ്കൂളുകൾ ജനുവരിയിൽ തുറക്കാനും പരീക്ഷകൾ നടത്താനുമുള്ള സർക്കാർ തീരുമാനം സി.ബി.എസ്.ഇയെ അറിയിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.

ഇന്ത്യയിലും വിദേശങ്ങളിലുമുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ പരീക്ഷകളെക്കുറിച്ച് രാജ്യത്തെ മൊത്തം സ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും നിശ്ചയിക്കുന്ന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സ്കൂളുകൾക്ക് കൗൺസിൽ നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നടപടികൾ സ്വീകരിക്കും..

സി.ബി.എസ്.ഇ സ്കൂളുകളിലെ 10, 12 ക്ളാസുകൾ ആരംഭിക്കാൻ അനുമതി തേടി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.