win

ആലുവ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ വെന്നിക്കൊടി പാറിച്ച് എട്ട് മാദ്ധ്യമ പ്രവർത്തകരും. ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷനിലേക്ക് മനോജ് മൂത്തേടൻ, മരട് നഗരസഭയിലേക്ക് ചന്ദ്രകലാധരൻ, കൊച്ചിൻ കോർപ്പറേഷനിലേക്ക് അഭിലാഷ് തോപ്പിൽ, വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് അഭിലാഷ് അശോകൻ (കീഴ്മാട്), എം.കെ. അനിൽകുമാർ (ഉദയംപേരൂർ), ഷൈജൻ തോട്ടപ്പിള്ളി (കാലടി), എം.എ. സുധീഷ് (ചിറ്റാറ്റുകര), എം.എം. ജോർജ് (തിരുമാറാടി), എ.കെ. രാജേഷ് (കോട്ടുവള്ളി) എന്നിവരാണ് വിജയത്തേരിലേറിയത്. മനോജ് മൂത്തേടനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും അഭിലാഷ് അശോകനെ കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഷൈജൻ തോട്ടപ്പിള്ളിയെ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും മുന്നണികൾ പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം കേരള ജേർണലിസ്റ്റ്സ് യൂണിയൻ അംഗങ്ങളാണ്. അഭിലാഷ് ആശോകൻ ആലുവ മേഖല പ്രസിഡന്റും ഷൈജൻ തോട്ടപ്പിള്ളി കാലടി മേഖല പ്രസിഡന്റും എം.കെ. അനിൽകുമാർ തൃപ്പൂണിത്തുറ മേഖല പ്രസിഡന്റുമാണ്. ജില്ലയിൽ നിന്നും 16 മാദ്ധ്യമ പ്രവർത്തകരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

സ്വീകരണം ഇന്ന്

ത്രിതല സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) അംഗങ്ങളായ എട്ട് പേർക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും. രാവിലെ 10.30ന് ആലുവ ക്‌ളോക്ക് ടവർ ബിൽഡിംഗിൽ കെ.ജെ.യു ഓഫീസിലാണ് ചടങ്ങ്. ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ യോഗത്തിൽ സംബന്ധിക്കും.