
ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
കൊച്ചി : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ആദ്യം പറയാതിരുന്നത് ഭയം കൊണ്ടാണെന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ മറുപടി വാദത്തിനിടെയാണ് ഇ.ഡിയുടെ വിശദീകരണം. ശിവശങ്കറിനെതിരെ ആദ്യഘട്ടത്തിൽ ഒന്നും പറയാതിരുന്ന സ്വപ്ന ഒരു ഘട്ടത്തിൽ എന്തുകൊണ്ടാണ് മൊഴി നൽകുന്നതെന്ന വാദത്തിന് മറുപടിയായാണ് അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്.
കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് സ്വപ്ന ഇത്തരത്തിൽ മൊഴി നൽകുന്നതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ, സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. എപ്പോഴാണ് സ്വപ്ന ഭയപ്പെട്ടത്? മുമ്പോ അതോ ഇപ്പോഴോ? എല്ലാം ശിവശങ്കറിനറിയാമെന്നാണ് ഇപ്പോൾ പറയുന്നത്. സ്വപ്ന ചിത്രത്തിലേയില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. ഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്ന് സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റി.
ശിവശങ്കർ സഹകരിക്കുന്നില്ല
ശിവശങ്കറിന് ജാമ്യം നൽകുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കുമെന്ന് ഇ.ഡി വാദിച്ചു. ഏതു കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് പറയുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ല. സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണം ശിവശങ്കറിനു ലഭിച്ച കോഴയാണ്. പണം ശിവശങ്കറിന്റേതല്ലെന്ന് വാദിച്ചാൽപോലും ഇത് ഒളിപ്പിക്കാൻ സഹായിച്ചതും കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കും. 1.80 കോടി രൂപയാണ് കമ്മിഷനായി ലഭിച്ചത്. ഡിസംബർ 15,16 തീയതികളിൽ സ്വപ്നയുടെയും 17ന് സരിത്തിന്റെയും 18ന് ശിവശങ്കറിന്റെയും മൊഴിയെടുത്തു. ഇവ നിർണായകമാണ്.
ആദ്യ കുറ്റപത്രത്തിൽ ശിവശങ്കറിന്റെ പേരില്ലെന്നതുകൊണ്ട് കുറ്റകൃത്യത്തിൽ പങ്കില്ലെന്നു പറയാൻ കഴിയില്ല. മൂന്നു നാലു തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. വാട്ട്സ്ആപ്പിലും ടെലിഗ്രാമിലുമായാണ് സ്വപ്നയുമായി സംസാരിച്ചിരുന്നത്. കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ഇതിനു സഹായവും നൽകിയിട്ടുണ്ട്.