
കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ളബിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ക്ലബ് ആരാധാകരെ ആകർഷിക്കാൻ രൂപകല്പന ചെയ്ത ആപ്ലിക്കേഷൻ സ്വീഡിഷ് ആസ്ഥാനമായ ഫോർസ എഫ്.സിയുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. ആപ്പിൾ, ആൻഡ്രോയിഡ് സ്‌റ്റോറുകളിൽ ആപ്പ് ലഭിക്കും.
ക്ലബിന്റെ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങൾ, തത്സമയ മാച്ച് അപ്‌ഡേറ്റുകൾ, പരിശീലന ദൃശ്യങ്ങൾ, തിരശീലയ്ക്ക് പിന്നിലെ കവറേജ്, ആരാധകരുടെ പ്രിയ താരങ്ങളുടെയും പരിശീലകരുടെയും അഭിമുഖങ്ങൾ എന്നിവ ആപ്പിൽ ലഭിക്കും. ആരാധകർക്ക് പരസ്പരം സംവദിക്കാനും കഴിയുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അവതരണം ഡിജിറ്റൽ ലോകത്തിൽ ഞങ്ങളുടെ ആരാധകരുമായി മികച്ച രീതിയിൽ ഇടപഴകാൻ ക്ലബ്ബിനെ അനുവദിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളുടെ വലിയ ആരാധകവൃന്ദവുമായി ആശയവിനിമയം നടത്താൻ പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാര്യമായ മുന്നേറ്റമാണ് ക്ലബ്ബ് നടത്തിയത്. ആരാധകർക്ക് ആപ്ലിക്കേഷൻ നല്ല അനുഭവമായിരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, അതേസമയം, അവർക്ക് മികച്ചതും നവീനവുമായ അനുഭവം നൽകാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുമുണ്ട്‌നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.
ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകർക്ക് പ്രതിമാസം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷിക അംഗത്വ പാക്കേജിലേക്ക് വരി ചേരുന്നതിലൂടെ പ്രീമിയം അംഗമാകാനുള്ള അവസരവും ആപ്പ് നൽകുന്നുണ്ട്.