മൂവാറ്റുപുഴ: ഇടത് തംരഗത്തിലും ഉലയാതെ ആവോലി ഡിവിഷൻ. ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉല്ലാസ് തോമസ് ഡിവിഷനിൽ നിന്നും വിജയിച്ചത് വൻഭൂരിപക്ഷത്തിൽ. 11696 വോട്ട് നേടി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ് ഉല്ലാസ്. 1995ലാണ് കന്നിയങ്കം. പാലക്കുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണത്തിൽ പങ്കാളിയായി. 1997 മുതൽ 14 വർഷക്കാലം പാമ്പാക്കുട ബ്ലോക്ക് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2000 ൽ ഗ്രാമപഞ്ചായത്തിൽ വീണ്ടും മത്സരിച്ച് വിജയിച്ചു. 2003കൂത്താട്ടുകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടിവ് മെമ്പറായി. തൊട്ടടുത്ത വർഷം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി. 2005 ൽ ജില്ലാ പഞ്ചായത്ത് കൂത്താട്ടുകുളം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി രണ്ടരവർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്.16 വർഷം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാലക്കുഴ കരോട്ട് പുത്തൻപുരയിൽ കെ.എ. തോമസിന്റെ മകനായ ഉല്ലാസ് തോമസ് പിതാവിന്റെ പാത പിൻതുടർന്നാണ് പൊതുപ്രവർത്തന രംഗത്ത് വരുന്നത്. പൈനാപ്പിൾ കർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുക്കാനും കർഷകരുടെ ദുരിതങ്ങളും അവർ നേരിടുന്ന പ്രശ്‌നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ശ്രമിക്കുമെന്നും ഉല്ലാസ് പറഞ്ഞു.