
കൊച്ചി : കോളേജ് വിദ്യാർത്ഥിയായിരിക്കെ കേന്ദ്രസർക്കാരിൽ നിന്ന് പെൻഷൻ ലഭിച്ച മരട് സ്വദേശി ജോർജ് മാത്യു (67) പുല്ലാട്ടിന് മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം. 33 വർഷം മുമ്പ് പാലാ സെന്റ് തോമസ് കോളേജിൽ ബി.എഡ് വിദ്യാർത്ഥി ആയിരിക്കെയാണ് ഇന്ത്യൻ വായുസേന ഉദ്യോഗസ്ഥനായിരുന്ന ജോർജ് മാത്യു പെഷൻ പറ്റിയത്. സർവീസ് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വായുസേനയിലെ ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള സാങ്കേതികമേഖലയിൽ പരിശീലനം നേടാൻ അവസരമുണ്ട്. പരിശീലന കാലയളവ് സേവനമായി പരിഗണിച്ച് ശമ്പളത്തോടുകൂടിയ അവധിയും അനുവദിക്കും. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് എയർഫോഴ്‌സിൽ ജോലിയിലിരിക്കെ 1987 ൽ ജോർജ് മാത്യു പാല സെന്റ് തോമസ് കോളേജിൽ ബി.എഡ് കോഴ്സിന് ചേർന്നത്. കോഴ്‌സ് തീരുന്നതിന് മുമ്പ് 1988 ഫെബ്രുവരി 29 ന് സേനയിലെ സർവീസ് അവസാനിച്ചു. അടുത്തമാസം മുതൽ പെൻഷൻ ലഭിക്കുകയും ചെയ്തു. അന്ന് 34 വയസ് പ്രായമുള്ള റെഗുലർ കോളേജ് വിദ്യാർത്ഥിക്ക് പെൻഷൻ ലഭിച്ചത് അപൂർവ ബഹുമതിയായിരുന്നു. ബി.എഡ് പഠനത്തിന് ശേഷം കാഞ്ഞിരപ്പള്ളിയിലെ എ.കെ.ജെ.എം സ്കൂളുകളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് റിസർവ് ബാങ്കിൽ ജോലി ലഭിച്ചപ്പോൾ അദ്ധ്യാപനം ഉപേക്ഷിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ കസ്റ്റംസ് സർവീസിൽ ജോലിലഭിച്ചു. അതോടെ റിസർവ് ബാങ്കിന്റെയും പിടിയിറങ്ങി. അവസാനം കസ്റ്റംസ് സൂപ്രണ്ട് ആയി വിരമിച്ചശേഷം കലാ- സാഹിത്യ രംഗങ്ങളിൽ സജീവസാന്നിദ്ധ്യമായി ജീവിക്കുമ്പോഴാണ് പഴയകാല നേട്ടത്തിന് അംഗീകാരം തേടി ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സിനെ സമീപിച്ചത്. കഴിഞ്ഞദിവസം ബഹുമതി ലഭിക്കുകയും ചെയ്തു.15 പുസ്തകങ്ങൾ രചിച്ചിട്ടുള്ള ജോർജ് മാത്യു മികച്ച ചിത്രകാരനും പ്രൊഫഷണൽ മജീഷ്യനുമാണ്. വിദ്യാർത്ഥികളെ ഏറ്റവുമധികം വലയ്ക്കുന്ന കണക്ക് പഠനം അനായാസവും രസകരവുമാക്കുന്നതിനുള്ള 'മാത്താമാജിക്' ഇദ്ദേഹത്തിന്റെ സ്പെഷ്യൽ ഐറ്റമാണ്. കഴിഞ്ഞ നൂറ്റാണ്ടിലേയും അടുത്ത നൂറ്റാണ്ടിലേയും ഏത് തീയതി പറഞ്ഞാലും 10 സെക്കന്റിനുള്ളിൽ ആ ദിവസമേതെന്ന് പറയും. മാത്താമാജിക്കിൽ താൽപര്യമുള്ളവർക്ക് പരിശീലനവും നൽകുന്നുണ്ട്.