കെ.കെ. അൻസിയ ഡപ്യൂട്ടി മേയർ
കൊച്ചി: കൊച്ചി കോർപ്പറേഷൻ ഭരണം ഇടതുമുന്നണി ഉറപ്പിച്ചതോടെ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്ക് നൽകാൻ ധാരണയായി.നാല് സീറ്റ് നേടി എൽ.ഡി.എഫിൽ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ സി.പി.ഐക്ക് അതിന് അവകാശമുണ്ടെന്ന് ജില്ല സെക്രട്ടറി പി. രാജു പറഞ്ഞു. ഇക്കുറി ഡെപ്യൂട്ടി മേയർ സ്ഥാനം വനിത സംവരണമായതിനാൽ വിജയിച്ച നാലുപേരിലെ ഏക വനിതയായ കെ.കെ. അൻസിയക്കാണ് നറുക്ക് വീഴുക. മുസ്ളീംലീഗ് കോട്ടയായ മട്ടാഞ്ചേരിയിൽ നിന്നാണ് അൻസിയ വിജയിച്ചത്.
കടുത്ത ത്രികോണ മത്സരം നടന്ന മട്ടാഞ്ചേരിയിൽ നിന്ന് 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അൻസിയ വിജയിച്ചത്. എൽ.ഡി.എഫ് 1308,ലീഗ് വിമത 1285 യു.ഡി.എഫ് 1047 , എൻ.ഡി.എ 651 ഇതാണ് മട്ടാഞ്ചേരിയിലെ കക്ഷിനില
# എൽ.ഡി.എഫിന് പിന്തുണച്ച് ഒരു വിമതൻ കൂടി
സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ലീഗ് വിമതൻ ടി.കെ. അഷ്റഫ് എൽ.ഡി.എഫിന് പിന്തുണ അറിയിച്ചതോടെയാണ് കോർപ്പറേഷൻ ഭരണം എൽ.ഡി.എഫ് നേടുമെന്ന് ഉറപ്പായത്. ടി.കെ. അഷ്‌റഫ് ഉൾപ്പെടെ നാല് വിമതന്മാരിൽ പനയപ്പിള്ളി ഡിവിഷനിൽ നിന്ന് വിജയിച്ച ജെ. സനിൽമോനും എൽ.ഡി.എഫിന് പിന്തുണ അറിയിച്ചതായാണ് വിവരം.
മുണ്ടംവേലിയിൽ നിന്ന് കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മാനാശേരിയിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച കെ.പി. ആന്റണി ഒരുകക്ഷിയെയും പിന്തുണയ്ക്കാതെ മാറിനിൽക്കും. 34 സീറ്റുനേടി വലിയ ഒറ്റകക്ഷിയായി മാറിയ എൽ.ഡി.എഫിന് ഒരു സ്വതന്ത്രന്റെ പിന്തുണ കൂടാതെ ഒരാളുടെ കൂടി പിന്തുണയുണ്ടായാൽ കക്ഷിനില 36 ആകും.
യു.ഡി.എഫിന് നിലവിൽ 31 സീറ്റാണുള്ളത്. ഒരു സ്വതന്ത്രയുടെ കൂടി പിന്തുണ കിട്ടിയതോടെ കക്ഷിനില 32 ആയി. അഞ്ച് സീറ്റ് ബി.ജെ.പിക്കുമുണ്ട്. സ്വതന്ത്രന്മാരുടെ പിന്തുണയോടെ കോർപ്പറേഷൻ ഭരണം ഉറപ്പായതോടെ 33 ാം ഡിവിഷനായ എളമക്കര നോർത്തിൽ നിന്ന് വിജയിച്ച അഡ്വ. എം. അനിൽകുമാർ മേയറാകും. എൽ.ഡി.എഫിന് പിന്തുണ അറിയിച്ചെത്തിയ ടി.കെ. അഷ്‌റഫിന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ പദവി നൽകും.
ഡിസംബർ 21 നാണ് വിജയിച്ച 74 അംഗങ്ങളുടെയും സത്യപ്രതിജ്ഞ. മേയർമാരുടേത് 28 നും നടക്കും. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുക. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.