ആലുവ: സംസ്ഥാനം മുഴുവൻ ഇടതുപക്ഷത്തിന് അനുകൂലമായ വികാരമുണ്ടായിട്ടും ആലുവ നഗരസഭയിൽ മുന്നണി എട്ടുനിലയിൽ പൊട്ടിയത് സി.പി.എമ്മിൽ നിശബ്ദ വിവാദത്തിന് വഴിയൊരുക്കി. വോട്ട് അഭ്യർത്ഥിക്കാൻ നവമാദ്ധ്യമങ്ങളെ ആശ്രയിച്ച സ്ഥാനാർത്ഥികളിൽ പലരും ഇപ്പോൾ വോട്ട് ചേർച്ചയുടെ കാരണവും പരസ്പരം പങ്കുവെയ്ക്കുകയാണ്. പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച്ചയാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പൊതു അഭിപ്രായം ഉയർന്നിരിക്കുന്നത്. ചിലർ സംസ്ഥാന - ജില്ലാ നേതൃത്വത്തിന് രേഖാമൂലം പരാതി നൽകാനൊരുങ്ങുകയാണ്. ഫോൺ മുഖേന പലരും ജില്ലാ നേതൃത്വത്തെ വിഷയം ധരിപ്പിച്ചിട്ടുമുണ്ട്. നിലവിൽ എൽ.ഡി.എഫിനുണ്ടായിരുന്ന സീറ്റുകളുടെ എണ്ണം ഒമ്പതിൽ നിന്നും ഏഴായി ചുരുങ്ങി. മാത്രമല്ല, 2015ൽ 13,006 വോട്ട് പോൾ ചെയ്തപ്പോൾ 4820 വോട്ട് എൽ.ഡി.എഫ് നേടിയെങ്കിൽ ഇക്കുറി 13,185 വോട്ട് പോൾ ചെയ്തപ്പോൾ ലഭിച്ചത് 4201 വോട്ടാണ്. എൻ.ഡി.എ ജയിച്ച നാല് വാർഡുകളിൽ 11 -ാം വാർഡിൽ മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പത്താം വാർഡിൽ 17 വോട്ട് നേടി അഞ്ചാം സ്ഥാനത്തും ഒമ്പതാം വാർഡിൽ 12 വോട്ടുമായി നാലാം സ്ഥാനത്തുമാണ് മുന്നണി.
നാലാം വാർഡിൽ മത്സരരംഗത്ത് മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുണ്ടായതിനാൽ 14 വോട്ടുമായി മൂന്നാം സ്ഥാനത്ത് നിന്നു. ഇതിന് പുറമെ നാല് വാർഡുകളിൽ മൂന്നാം സ്ഥാനത്താണ്. 56 വോട്ട് ലഭിച്ച സ്ഥാനാർത്ഥിയുടെ വേദയോടെയുള്ള ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്നാം വാർഡ് പട്ടികജാതി വനിത സംവരണമായതോടെ ചില പാക്കേജ് പൊളിഞ്ഞതാണ് പാർട്ടി പ്രവർത്തകർക്കിടയിലെ സംസാരം. ഉറച്ച സീറ്റിൽ സ്ഥാനാർത്ഥി മോഹം പൊലിഞ്ഞപ്പോൾ എന്നാൽ ഭരണവും വേണ്ടെന്ന് ചിലർ തീരുമാനിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതിനിടയിൽ ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം മുൻ ജി.സി.ഡി.എ സെക്രട്ടറി ചെയർമാൻ സ്ഥാനാർത്ഥിയായി വന്നതോടെ ചില പ്രാദേശിക നേതാക്കളുടെ നിസംഗത വർദ്ധിച്ചതായും പറയുന്നുണ്ട്.